'മതവിരുദ്ധ ലിബറൽ ചിന്ത ഒളിച്ചുകടത്തുന്നത് കരുതലോടെ കാണണം;അന്ധവിശ്വാസങ്ങൾക്കെതിരെ ബിൽ വരണം': കെഎൻഎം Published by:Nandu Krishnan
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ഖുർആനും പ്രവാചക വചനങ്ങളും ദുർവ്യാഖ്യാനം ചെയ്തു മതവിരുദ്ധ ലിബറൽ ചിന്തകൾ ഒളിച്ചു കടത്തുന്നത് കരുതലോടെ കാണണമെന്ന് കെ എൻ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ഖുർആനും അതിന്റെ പ്രായോഗിക വിശദീകരണമായ നബി വചനങ്ങളും നിത്യ പ്രസക്തമാണ്. മതത്തെ കാലിക വായനക്ക് വിധേയമാക്കണമെന്ന വാദങ്ങളുടെ മറവിൽ ധാർമിക വിരുദ്ധമായ ലിബറൽ ആശയങ്ങൾക്ക് സ്വീകാര്യതയുണ്ടാക്കാനുള്ള നീക്കവും കരുതലോടെ കാണണമെന്നും കെ എൻ എം പറഞ്ഞു. ഇസ്ലാമിന്റെ വിശ്വാസ,കർമ്മ സ്രോതസ്സ് ഖുർആനും നബിചര്യയുമാണ്. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെ റദ്ദ് ചെയ്യുന്ന ഏത് വായനയും
വഴികേടിലേക്കാണ് നയിക്കുക. മതനിരാസ ചിന്തകൾ പല പേരുകളിൽ പുതു തലമുറയിൽ കുത്തിവയ്ക്കനുള്ള നീക്കം അതീവ ജാഗ്രതയോടെ കാണണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.ഇസ്ലാമിന്റെ വ്യാജവേഷമണിഞ്ഞു, മതത്തെ തെറ്റിദ്ധരിപ്പിക്കുന്നവർക്ക് പിന്തുണ നൽകുന്നവരുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. സമൂഹത്തിൽ വിദ്വേഷം വിതച്ച് മതവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് അടിമപ്പണി ചെയ്യുന്നവർ സമൂഹത്തോട് വലിയ അപരാധമാണ് കാണിക്കുന്നതെന്നും കെ എൻ എം ചൂണ്ടിക്കാട്ടി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും കെ എൻ എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യം കശാപ്പ് ചെയ്യുകയും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ കൂട്ടു നിൽക്കുകയും ചെയ്തവെന്ന് ബലപ്പെടുത്തുന്ന സംശയങ്ങൾ ഉയരുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുപ്രധാന സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യം കശാപ്പ് ചെയ്യുന്നതിനെതിരെ ജനം തെരുവിലിറങ്ങുന്നത് തടയാൻ വിലകുറഞ്ഞ നീക്കങ്ങളുമായി കേന്ദ്രസർക്കാർ നീങ്ങുന്നത് രാജ്യത്തിന് അപമാനമാണ്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കേണ്ടതിന് പകരം ജനാധിപത്യം കശാപ്പ് ചെയ്തവരെ സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. പുതുതലമുറയുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും കെ എൻ എം ചൂണ്ടിക്കാട്ടി.




