ഉത്സവത്തിനിടെ മർദനമെന്ന് യുവതിയുടെ പരാതി; ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പാലക്കാട് പഴമ്പാലക്കോട് ഉത്സവത്തിനിടെ അമ്മാവനെ രക്ഷിക്കാൻ ശ്രമിച്ച യുവതിയെ മർദിച്ചെന്ന പരാതിയിൽ ആറ് ബി.ജെ.പി പ്രവർത്തകർക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. എന്നാൽ, ആരോപണം വ്യാജമാണെന്നും യുവതിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നുമാണ് എതിർകക്ഷികളുടെ വിശദീകരണം.
പാലക്കാട്: ക്ഷേത്രോത്സവത്തിനിടെ യുവതിയെ മർദിച്ച സംഭവത്തിൽ ആറ് ബി.ജെ.പി പ്രവർത്തകർക്കെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. തരൂർ പഴമ്പാലക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെ ഈ മാസം 11-നായിരുന്നു സംഭവം. ഉത്സവ സംഘാടകരായ ബി.ജെ.പി പ്രവർത്തകർ തന്റെ അമ്മാവനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് മർദനമേറ്റതെന്ന് യുവതി പരാതിയിൽ പറയുന്നു.
ബി.ജെ.പി തരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, ഉത്സവത്തിനിടെ സംഘർഷമുണ്ടായ കാര്യം ശരിയാണെങ്കിലും യുവതിയെ ആക്രമിച്ചിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ആരോപണവിധേയരുടെ വിശദീകരണം.




