സിനഗോഗിന് സമീപം തീവെപ്പ്: പ്രതിക്ക് നിർദേശം നൽകിയത് 'ബോസ്', തീയിട്ടതിന് പ്രതിഫലം ക്രിപ്റ്റോകറൻസി വഴി; രാജ്യാന്തര ബന്ധമെന്ന് പൊലീസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എറണാകുളം മാർക്കറ്റിലെ സിനഗോഗിന് തീവെച്ച കേസിൽ പുത്തൻകുരിശ് സ്വദേശി എബിൻ പോൾ മണിക്കൂറുകൾക്കകം പിടിയിൽ. 'ബോസിന്റെ' നിർദേശപ്രകാരം ക്രിപ്റ്റോകറൻസി പ്രതിഫലം വാങ്ങി നടത്തിയ ഈ ആക്രമണത്തിന് പിന്നിൽ രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപം തീവെപ്പ് നടത്തിയ സംഭവത്തിൽ നിർണായക വഴിതിരിവ്. വിദേശ തീവ്രവാദ ബന്ധങ്ങളും ക്രിപ്റ്റോകറൻസി ഇടപാടുകളും ഉള്ളതായി കണ്ടെത്തിയ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) ആണ് പിടിയിലായത്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ളവയുടെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 12-ന് പുലർച്ചെ 2.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, കടവുഭാഗം സിനഗോഗിന് മുൻവശത്തുള്ള ബ്ലോസം നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. തുടർന്ന് ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി സ്ഥലം വിട്ടു.
ശാസ്ത്രീയ അന്വേഷണത്തിൽ ചുരുളഴിഞ്ഞു
രാത്രികാലങ്ങളിൽ മാർക്കറ്റിലെ ഭൂരിഭാഗം സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമായിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും 150-ഓളം പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ വിശകലനം ചെയ്താണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് പുത്തൻകുരിശിലെ വാടകവീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
'ബോസിന്റെ' നിർദേശവും ക്രിപ്റ്റോകറൻസി പ്രതിഫലവും
പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ആക്രമണ ദൃശ്യങ്ങൾക്ക് പുറമെ, വിദേശബന്ധമുള്ള വ്യക്തികളുമായും വിവിധ ഓൺലൈൻ ഗ്രൂപ്പുകളുമായും നടത്തിയ ആശയവിനിമയങ്ങൾ പോലീസ് കണ്ടെത്തി. 'ബോസ്' എന്ന് വിശേഷിപ്പിക്കുന്ന ആളുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയത്.
നിർദേശിക്കുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുക, ദൃശ്യങ്ങൾ പകർത്തി അയക്കുക, ക്രിപ്റ്റോകറൻസി വഴി പ്രതിഫലം കൈപ്പറ്റുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി. രാജ്യത്തെ വിവിധ നഗരങ്ങളിലെ ആക്രമണ പദ്ധതികളെക്കുറിച്ചും യഹൂദ ആരാധനാലയങ്ങളെക്കുറിച്ചുമുള്ള പരാമർശങ്ങൾ പ്രതിയുടെ സന്ദേശങ്ങളിലുണ്ട്.
ലഹരി ഇടപാടുകളും അന്വേഷണ പരിധിയിൽ
മൂവാറ്റുപുഴയിൽ മുൻപ് നടന്ന തെളിയിക്കപ്പെടാത്ത തീവെപ്പ് സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ എറണാകുളം റൂറൽ പോലീസിന് കൈമാറി.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിയെ പിടികൂടി നിർണായക തെളിവുകൾ ശേഖരിച്ച കൊച്ചി സിറ്റി പോലീസിന്റെ മികവിനെ സംസ്ഥാന പോലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും പ്രശംസിച്ചു.




