മെസ്സിയെ എത്തിക്കുമെന്ന പേരിൽ തട്ടിപ്പെന്ന പരാതി, മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ലയണൽ മെസിയെ എത്തിക്കുമെന്ന തട്ടിപ്പുകേസിൽ മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഗവർണറുടെ അനുമതി തേടുന്നു. സുതാര്യത പാലിക്കാതെ സ്വകാര്യ കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തതിൽ മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധ ഇടപെടൽ ഉണ്ടായെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് കളമൊരുങ്ങുന്നു. കേസിൽ ഗവർണറുടെ അനുമതി തേടാൻ സർക്കാർ തീരുമാനിച്ചു. മുൻ മന്ത്രിയായതിനാൽ പ്രോസിക്യൂഷൻ/അന്വേഷണാനുമതിക്കായി ഗവർണർക്ക് ഉടൻ റിപ്പോർട്ട് നൽകും. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
വിജിലൻസ് അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനുമുള്ള സമഗ്ര റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇതിനോടകം സർക്കാരിന് കൈമാറിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഗുരുതര കണ്ടെത്തലുകൾ
മതിയായ ടെൻഡർ നടപടികളോ സുതാര്യതയോ പാലിക്കാതെയാണ് 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി'യെ ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്ന വൻകിട പരിപാടിയുടെ ഔദ്യോഗിക സ്പോൺസറായി തിരഞ്ഞെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ സ്വകാര്യ സ്പോൺസറെ നിശ്ചയിച്ചതും, ഒരു സ്വകാര്യ വ്യക്തിക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറിൽ ഏർപ്പെടാൻ അനുമതി നൽകിയതും വഴി മുൻ മന്ത്രിയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസ് ആക്ഷേപം.




