ബസ് സ്റ്റാൻഡിൽ പരിശോധന, അതിഥി തൊഴിലാളികളിൽ നിന്ന് പിടിച്ചെടുത്തത് 30 ഗ്രാം ഹെറോയിൻ; അറസ്റ്റ് ആറുമാസത്തെ നിരീക്ഷണത്തിനൊടുവിൽ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ഹരിപ്പാട്: ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ 30 ഗ്രാം ഹെറോയിനുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ മാൽഡ മജിദ് പൂർ സ്വദേശി ഷെയ്ക്ക് സയ്ഫുൾ (29), മാൽഡ മിറാജ്പ്പൂർ സ്വദേശി മോട്ടിൽ നടപ്പു (27) എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് ഹെറോയിൻ കണ്ടെടുത്തത്. ലഹരിവേട്ടയ്ക്കായി ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്ന് അതിഥി തൊഴിലാളികൾ വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറുമാസമായി ജില്ലാ ലഹരി വിരുദ്ധ സംഘം ഇവരെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. മുൻപും പലതവണ ഇവർ നാട്ടിൽ പോയി ലഹരിമരുന്ന് കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ നിർദേശപ്രകാരം ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക തൂഫാൻ ടീം രൂപീകരിച്ച് ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും ലഹരിവിൽപനക്കാർക്കും അവരുടെ സംഘങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.




