എറണാകുളം ജനറൽ ആശുപത്രിയിലെ ഒങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എറണാകുളം ജനറൽ ആശുപത്രി ഓങ്കോളജി ഐ.സി.യുവിൽ എ.സി തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടതോടെ കടുത്ത ചൂടിൽ ക്യാൻസർ രോഗികൾ ദുരിതത്തിലായി. എ.സിയുടെ കംപ്രസ്സർ തകരാറിലാണെന്നും പുതിയതിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐ.സി.യുവിൽ എയർ കണ്ടീഷണർ തകരാറിലായിട്ട് രണ്ടാഴ്ച പിന്നിടുന്നു. എ.സി പ്രവർത്തിക്കാത്തതിനെ തുടർന്ന് സഹിക്കാനാകാത്ത ചൂടിൽ കടുത്ത ദുരിതത്തിലാണ് ക്യാൻസർ രോഗികൾ. 16 കിടക്കകളുള്ള ഐ.സി.യുവിൽ കീമോതെറപ്പി പൂർത്തിയാക്കിയ രോഗികളടക്കമാണ് കഴിയുന്നത്.
എ.സിക്ക് പകരം താത്കാലികമായി ഫാനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചൂടിന് ശമനമില്ലെന്ന് രോഗികളും ബന്ധുക്കളും പരാതിപ്പെടുന്നു. ആശുപത്രി കോംപ്ലക്സിലെ അഞ്ചാം നിലയിലാണ് ഓങ്കോളജി ഐ.സി.യു പ്രവർത്തിക്കുന്നത്. കീമോതെറപ്പി കഴിഞ്ഞ രോഗികൾക്ക് എ.സി ഇല്ലാത്ത അന്തരീക്ഷം ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
എ.സിയുടെ കംപ്രസ്സർ കേടായതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും പുതിയ കംപ്രസ്സറിനായി ഓർഡർ നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തകരാർ അടിയന്തരമായി പരിഹരിച്ച് രോഗികളുടെ ദുരിതത്തിന് അന്ത്യം കുറിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.




