2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിൽ, കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 05:04 PM
പങ്കുവെക്കുക:
ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിൽ, കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി
ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിൽ, കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രികേരളപ്രഭാതം

ലഹരി ഉപയോഗിച്ചുള്ള വാഹനാപകടങ്ങൾക്ക് കടുത്ത ശിക്ഷയും വാഹനം കണ്ടുകെട്ടലും ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചു. അപകടങ്ങൾ കുറയ്ക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ മിഷൻ ആരംഭിക്കാനും ബ്ലാക് സ്പോട്ടുകൾ ശാസ്ത്രീയമായി നവീകരിക്കാനും സർക്കാർ തീരുമാനിച്ചു.

തിരുവനന്തപുരം: മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ച് അപകട മരണങ്ങൾ വരുത്തിവെക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇതിനായി നിയമവിദഗ്ധരുമായി ആലോചിച്ച് വരികയാണെന്നും നിയമസഭയിൽ സി.വി. ശാന്തകുമാർ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

ലഹരി ഉപയോഗിച്ചുള്ള അപകടങ്ങളെ അശ്രദ്ധ കൊണ്ടുണ്ടാകുന്ന ചെറിയ കുറ്റമായി കാണാനാകില്ല. ലഹരിക്ക് അടിമപ്പെട്ട് ബോധപൂർവം വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്നവരുടെ വാഹനം കണ്ടുകെട്ടാനും അവരെ ജയിലിലടയ്ക്കാനുമുള്ള നിയമനടപടികൾ കടുപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷാ മിഷൻ വരുന്നു

സംസ്ഥാനത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ചെയർമാനും ഗതാഗത മന്ത്രി കോ-ചെയർമാനുമായി 'റോഡ് സുരക്ഷാ മിഷൻ' ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ആഭ്യന്തരം, പൊതുമരാമത്ത്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം ഉൾപ്പെടെ വിവിധ വകുപ്പ് മന്ത്രിമാർ അംഗങ്ങളായ ഗവേണിങ് കൗൺസിൽ സംവിധാനം ഉടൻ നിലവിൽ വരും. മിഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ വിവിധ പദ്ധതികൾ നടപ്പിലാക്കും. നിലവിൽ അയ്യായിരത്തോളം പേരാണ് പ്രതിവർഷം റോഡപകടങ്ങളിൽ മരിക്കുന്നത്. ഇത് വൻതോതിൽ കുറച്ചുകൊണ്ടുവരാൻ മിഷനിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സീസൺ: ബ്ലാക് സ്പോട്ടുകൾ നവീകരിക്കും

ശബരിമല തീർഥാടന സീസൺ പ്രമാണിച്ച് വിപുലമായ റോഡ് സുരക്ഷാ യോഗങ്ങൾ ചേർന്നു വരികയാണ്. നാറ്റ്പാക് (NATPAC) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ റോഡുകളിൽ കണ്ടെത്തിയ ബ്ലാക് സ്പോട്ടുകളിൽ ശാസ്ത്രീയമായ നവീകരണം നടത്തും.

അടൂർ ഏനാത്ത് മുതൽ പന്തളം വരെയുള്ള എം.സി. റോഡിലെ അപകടസാധ്യതകളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. അപകടങ്ങൾക്കിടയാക്കുന്ന വളവുകൾ, നടപ്പാതകളുടെ അഭാവം, ലൈൻ മാർക്കിങ് ഇല്ലാത്തത്, തെറ്റായ രീതിയിലുള്ള പാർക്കിങ് എന്നിവയെല്ലാം പരിഹരിക്കും. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മുൻഗണനാക്രമത്തിൽ ഇത്തരം പാതകൾ ശാസ്ത്രീയമായി പരിഷ്കരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)