സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ 75 കാരകൻ പീഡിപ്പിച്ചെന്ന് പരാതി, പോക്സോ ചുമത്തി കേസെടുത്തു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൊല്ലത്ത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 75 കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്ത് ലൊക്കേഷൻ വഴി എത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
കൊല്ലം: സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെ (75) വനിതാ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണ് താനെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ സമീപിച്ചത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയിൽ നിന്ന് 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ, സിനിമയുടെ കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്നതോടെ പെൺകുട്ടി പണം തിരികെ ആവശ്യപ്പെട്ടു.
തുടർന്ന്, പണം തിരികെ നൽകാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ രണ്ടാംകുറ്റി ജംക്ഷനിലേക്ക് വിളിച്ചുവരുത്തി. കാറിലെത്തിയ നാസിം, പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി.
ഉപദ്രവത്തിനിടെ പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടി. മൊബൈൽ ഫോണിലൂടെ ലൊക്കേഷൻ അയച്ചുനൽകിയതിനെ തുടർന്ന് സുഹൃത്ത് സ്ഥലത്തെത്തുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ വനിതാ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.




