കോഴിക്കോട്ടെ ജിംനേഷ്യത്തില് എം.ഡി.എം.എയും ലഹരിവിറ്റ പണവും; കേസിലെ മുഖ്യ കണ്ണിയും അറസ്റ്റിൽ, പിടിയിലായത് ബെംഗളൂരുവിൽ വെച്ച്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കോഴിക്കോട്ടെ ജിംനേഷ്യം കേന്ദ്രീകരിച്ച് നടന്ന വൻ മയക്കുമരുന്ന് വേട്ട കേസിൽ പ്രതികൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്ന മുഖ്യകണ്ണി യാസർ അറാഫത്ത് ബെംഗളൂരുവവിൽ പിടിയിലായി.
കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ ജിംനേഷ്യം കേന്ദ്രീകരിച്ച് നടന്നിരുന്ന വൻ ലഹരിമരുന്ന് വേട്ട കേസിൽ പ്രധാനി പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന നാലാം പ്രതി ബേപ്പൂർ തമ്പി റോഡ് സ്വദേശി വള്ളിയത്ത് വീട്ടിൽ യാസർ അറാഫത്ത് (28) ആണ് അറസ്റ്റിലായത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എം. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ബെംഗളൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജൂലൈ 18-നാണ് കേസിനാസ്പദമായ സംഭവം. പയ്യാനക്കൽ കപ്പക്കൽ റോഡിലെ 'ബാക്ക് ടു ഫിറ്റ്' ജിംനേഷ്യത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടുകയായിരുന്നു. സ്ഥാപന നടത്തിപ്പുകാരായ ബേപ്പൂർ പൂന്നാർവളപ്പ് കോഴിക്കോടൻ വീട്ടിൽ ജംഷീദ് (40), ബേപ്പൂർ മതിലകത്ത് മസ്കറ്റ് നിവാസിൽ ലിജാസ് എം.കെ (36), ഫറോക്ക് ചുങ്കം ഹരിത നഗറിൽ താമസിക്കുന്ന ബേപ്പൂർ മേലേതൊടി അധികാരി വീട്ടിൽ അർഷാദ് (32) എന്നിവരാണ് അന്ന് അറസ്റ്റിലായത്.
ഇവരിൽ നിന്നായി 228.31 ഗ്രാം എം.ഡി.എം.എയും 37.320 ഗ്രാം കഞ്ചാവും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 41,830 രൂപയും പോലീസ് കണ്ടെടുത്തിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി വസ്തുക്കൾ എത്തിച്ചു നൽകിയിരുന്നത് യാസർ അറാഫത്താണെന്ന് വ്യക്തമായത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി ബെംഗളൂരുവിലുണ്ടെന്ന് സ്ഥിരീകരിച്ചത്. അന്വേഷണ സംഘം ഉടൻ തന്നെ ബെംഗളൂരുവിലെത്തി പ്രതിയെ വലയിലാക്കുകയായിരുന്നു.




