2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രാജി വിവാദം; വിശദീകരിക്കാന്‍ ഒരുങ്ങി കൗൺസിലർ ആർ ശ്രീലേഖ, ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:15 AM
പങ്കുവെക്കുക:
രാജി വിവാദം; വിശദീകരിക്കാന്‍ ഒരുങ്ങി കൗൺസിലർ ആർ ശ്രീലേഖ, ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
രാജി വിവാദം; വിശദീകരിക്കാന്‍ ഒരുങ്ങി കൗൺസിലർ ആർ ശ്രീലേഖ, ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്കേരളപ്രഭാതം

രാജി വിവാദത്തിൽ വിശദീകരണവുമായി ഞായറാഴ്ച ഫേസ്ബുക്ക് ലൈവിലെത്തുമെന്ന് ശാസ്തമംഗലം കൗൺസിലറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ വ്യക്തമാക്കി. വാർത്തകൾ മാധ്യമങ്ങൾ ആഘോഷിച്ചതിനെക്കുറിച്ച് വ്യക്തത വരുത്താൻ ഞായറാഴ്ച വരെ കാത്തിരിക്കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അഭ്യർഥന.

​തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജിവാർത്തകളിലും വിവാദങ്ങളിലും വ്യക്തത വരുത്താൻ ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ബി.ജെ.പി കൗൺസിലറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. താൻ രാജിവെച്ചെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത ആഘോഷിച്ചതിനെക്കുറിച്ച് വിശദീകരിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ശാസ്തമംഗലം കൗൺസിലറായ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.

​സെപ്റ്റംബർ 30-ന് വ്യക്തിപരമായ കാരണങ്ങളാൽ കൗൺസിലർ പദവി രാജിവെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മേയർ വി.വി. രാജേഷിന് കത്ത് നൽകിയതായി ശ്രീലേഖ ശാസ്തമംഗലത്തെ 'കൗൺസിലർ അറിയിപ്പ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചിരുന്നു. എന്നാൽ, നിമിഷങ്ങൾക്കകം ഈ സന്ദേശം പിൻവലിക്കുകയും ചെയ്തു. ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും പാർട്ടിയുമായി യാതൊരു ഭിന്നതയുമില്ലെന്നുമായിരുന്നു പിന്നീട് ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണം.

​അതേസമയം, സംഭവത്തിൽ പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലും കടുത്ത വിമർശനമാണ് ഉയർന്നുവരുന്നത്. വാർഡിലെ വോട്ടർമാർക്കിടയിൽ സന്ദേശമയച്ച് മണിക്കൂറുകൾക്കകം പിൻവലിക്കേണ്ടി വന്ന നാണക്കേട് മറികടക്കാൻ ശ്രീലേഖ പാടുപെടുകയാണ്. പദവികൾക്കായി വിലപേശൽ നടത്തുന്നുവെന്ന ആക്ഷേപങ്ങളും രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്നുണ്ട്. കാലാവധി തികയ്ക്കാൻ നാല് വർഷത്തോളം ബാക്കിനിൽക്കെ, ബി.ജെ.പിക്ക് തലവേദനയായി ശ്രീലേഖയുടെ അപ്രതീക്ഷിത നീക്കങ്ങൾ തുടരുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വിഷയം ബി.ജെ.പിയുടെ നാടകമാണെന്ന് ആരോപിച്ച് സി.പി.എമ്മും കോൺഗ്രസും പരിഹാസവുമായി രംഗത്തുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)