വടകര എംഡിഎംഎ കേസ് ; മുഖ്യപ്രതി പിടിയില്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അധ്യാപികമാര് ഉള്പ്പെട്ട വടകര എംഡിഎംഎ കേസില് മലബാറിലെ പ്രധാന വിതരണക്കാരനായ ഫിറോസിനെ (28) ഡാന്സാഫ് സംഘം പേരാമ്പ്രയില് നിന്നും പിടികൂടി. മുമ്പും ലഹരികേസില് പിടിയിലായിട്ടുള്ള ഇയാള് ജാമ്യത്തിലിറങ്ങി വീണ്ടും വില്പ്പന നടത്തുന്നതിനിടയിലാണ് ഇപ്പോള് പോലീസിന്റെ പിടിയിലാകുന്നത്.
കോഴിക്കോട്: അധ്യാപികമാര് ഉള്പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയില്. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയില് ഫിറോസിനെയാണ് (28) റൂറല് എസ്പിയുടെ ഡാന്സാഫ് സംഘം പിടികൂടിയത്.
മലബാറില് എംഡിഎംഎ മൊത്തവിതരണം നടത്തുന്നത് ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൂത്താളയില് നിന്ന് പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയാണ് ഫിറോസ്. കൂടാതെ, എംഡിഎംഎ കേസില് കര്ണാടക ജയിലില് കഴിയുന്ന ചങ്ങരോത്ത് പുറവൂര് സ്വദേശി പൊന് അജ്മലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ് പ്രതി. കേസില് നേരത്തെ പിടിയിലായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാടുകള് നടത്തിയിരുന്നതും ഫിറോസാണെന്ന് പോലീസ് പറയുന്നു.
മുമ്പ് മൊടക്കല്ലൂരിലെ ലോഡ്ജില് വെച്ച് യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്സൈസ് സംഘത്തിന്റെ പിടിയിലായിട്ടുള്ളയാളാണ് ഫിറോസ്. അന്ന് ജയിലിലായ ഇയാള് ജാമ്യത്തില് ഇറങ്ങി വീണ്ടും ലഹരി വില്പ്പന തുടരുന്നതിനിടയിലാണ് ഇപ്പോള് പേരാമ്പ്രയില് നിന്നും പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയെക്കുറിച്ച് നേരത്തെ തന്നെ ഡാന്സാഫ് സംഘം രഹസ്യന്വേഷണം നടത്തിവരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡില് ഇയാള് എത്തിയെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം വളഞ്ഞുപിടികൂടിയത്.




