ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നു; മുൻ മന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സോളാർ കേസ് പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്ത ഗൂഢാലോചനക്കേസിൽ മുൻ മന്ത്രി കെ. ബാബു കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും, ഇക്കാര്യം ഉമ്മൻ ചാണ്ടി തന്നോട് സൂചിപ്പിച്ചിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
കൊട്ടാരക്കര: സോളാർ കേസ് പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ബാബു കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി. കെ.ബി. ഗണേഷ് കുമാറും സോളാർ കേസ് പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും, ഇക്കാര്യം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നോട് നേരിട്ട് പറഞ്ഞിരുന്നുവെന്നും കെ. ബാബു കോടതിയിൽ വ്യക്തമാക്കി.
അഭിഭാഷകനായ സുധീർ ജേക്കബ് നൽകിയ ഹർജിയിലാണ് നിർണായക മൊഴി. ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന വിവരം ഉമ്മൻ ചാണ്ടി തന്നോട് സൂചിപ്പിച്ചിരുന്നുവെന്നാണ് കെ. ബാബുവിന്റെ മൊഴിയിലുള്ളത്.
പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് സുധീർ മലയിലും നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സോളാർ വിവാദവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലാണിത്.




