സാനിറ്ററി ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി, സിസിടിവിയിൽ എല്ലാം പതിഞ്ഞു, മാർത്താണ്ഡം സ്വദേശി മോഷണ കേസിൽ അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പാപ്പനംകോട്ടെ സാനിറ്ററി ഷോപ്പിൽ ഷട്ടർ തകർത്ത് 52,000 രൂപയും ഫോണും മോഷ്ടിച്ച കേസിൽ മാർത്താണ്ഡം സ്വദേശി ജസീമിനെ (29) നേമം പൊലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് സമാനമായ മറ്റ് കടകളിലും മോഷണം നടന്നിട്ടുള്ളതിനാൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ ഷട്ടർ തകർത്ത് മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ. മാർത്താണ്ഡം സ്വദേശി ജസീമിനെയാണ് (29) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽനിന്ന് 52,000 രൂപയും ഒരു മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി ഉടമ പരാതി നൽകി.
പൂഴിക്കുന്ന് ജങ്ഷന് സമീപമുള്ള സ്ഥാപനത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയാണ് ഇയാൾ മോഷണം നടത്തിയത്. മുഖം തുണികൊണ്ട് മറച്ച ഒരാൾ കടയിലെ മേശപ്പുറത്തുണ്ടായിരുന്ന വസ്തുക്കൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ വിവിധ കടകളിൽ മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസം മുമ്പ് പാപ്പനംകോട് തുക്കുവിളയ്ക്ക് സമീപത്തെ ഒരു ടെക്സ്റ്റൈൽസ് സ്ഥാപനത്തിലും ബ്യൂട്ടി പാർലറിലും സമാനമായ രീതിയിൽ അതിക്രമങ്ങൾ നടന്നിരുന്നു. ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽനിന്ന് പണവും തുണികളും നഷ്ടപ്പെട്ടതായും വിവരമുണ്ട്. ഈ സംഭവങ്ങൾ തമ്മിൽ പരസ്പരം ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.




