2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സന്തോഷ വാർത്ത, സുപ്രധാനമായ തീരുമാനം ഉടൻ ?; വേണാട് എക്സ്ര്പസ് നിലമ്പൂർ വരെ നീട്ടാൻ സാധ്യത

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 11:16 AM
പങ്കുവെക്കുക:
മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സന്തോഷ വാർത്ത, സുപ്രധാനമായ തീരുമാനം ഉടൻ ?; വേണാട് എക്സ്ര്പസ് നിലമ്പൂർ വരെ നീട്ടാൻ സാധ്യത
മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സന്തോഷ വാർത്ത, സുപ്രധാനമായ തീരുമാനം ഉടൻ ?; വേണാട് എക്സ്ര്പസ് നിലമ്പൂർ വരെ നീട്ടാൻ സാധ്യതകേരളപ്രഭാതം

റെയിൽവേയുടെ സമയലാഭം പ്രയോജനപ്പെടുത്തി വേണാട് എക്‌സ്‌പ്രസ് നിലമ്പൂരിലേക്ക് നീട്ടാൻ സാധ്യത; മേലാറ്റൂരിലെ പുതിയ പ്ലാറ്റ്‌ഫോമോടെ പ്രധാന സാങ്കേതിക തടസ്സം നീങ്ങുന്നു.

മലപ്പുറം: ഷൊർണൂരിൽ മണിക്കൂറുകളോളം സർവീസ് അവസാനിപ്പിച്ച് കിടക്കുന്ന വേണാട് എക്‌സ്‌പ്രസ് നിലമ്പൂരിലേക്ക് നീട്ടാൻ റെയിൽവേ ആലോചിക്കുന്നു. വർഷങ്ങളായി മലപ്പുറത്തെ മലയോര മേഖലയിലെ ജനങ്ങൾ ഉന്നയിക്കുന്ന ഈ ആവശ്യത്തിൽ ഉടൻ അനുകൂല തീരുമാനമുണ്ടായേക്കും.

നിലവിൽ ഉച്ചക്ക് 12 മണിയോടെ ഷൊർണൂരിലെത്തുന്ന വേണാട് എക്‌സ്‌പ്രസ് വൈകീട്ട് മൂന്നിനാണ് തിരുവനന്തപുരത്തേക്ക് മടക്കയാത്ര ആരംഭിക്കുന്നത്. മൂന്ന് മണിക്കൂറോളം വരുന്ന ഈ ഇടവേള പ്രയോജനപ്പെടുത്തി സർവീസ് നിലമ്പൂരിലേക്ക് നീട്ടാനാണ് നീക്കം. രാവിലെയോടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ ഷൊർണൂർ വഴി നിലമ്പൂരിലെത്തിച്ചാൽ മലയോര മേഖലയിലെ യാത്രാദുരിതത്തിന് വലിയ പരിഹാരമാകും. നിലവിൽ രാവിലെ 10നും ഉച്ചക്ക് മൂന്നിനും ഇടയിൽ നിലമ്പൂർ-ഷൊർണൂർ പാതയിൽ ട്രെയിൻ സർവീസുകൾ കുറവായതിനാൽ വിദ്യാർഥികളും ജീവനക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

22 കോച്ചുകളുള്ള വേണാട് എക്‌സ്‌പ്രസിനെ ഉൾക്കൊള്ളാനുള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങൾ പാതയിൽ ഇല്ലാത്തതായിരുന്നു സർവീസ് നീട്ടുന്നതിന് പ്രധാന തടസ്സമായിരുന്നത്. എന്നാൽ മേലാറ്റൂർ സ്റ്റേഷനിൽ 24 കോച്ചുകൾ നിർത്തിയിടാൻ പാകത്തിൽ പ്ലാറ്റ്‌ഫോം നിർമാണം പൂർത്തിയായിട്ടുണ്ട്. അടുത്ത മാസം ക്രോസിങ് സ്റ്റേഷൻ കൂടി കമീഷൻ ചെയ്യുന്നതോടെ ഈ സാങ്കേതിക തടസ്സം പരിഹരിക്കപ്പെടും.

ഇതിനു പുറമെ, ചെറുകര സ്റ്റേഷനിൽ കോട്ടയം എക്‌സ്‌പ്രസിനും നിലമ്പൂർ-ഷൊർണൂർ മെമുവിനും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും റെയിൽവേ പരിഗണനയിലുണ്ട്. പട്ടിക്കാട് സ്റ്റേഷനിലെ വെയിറ്റിങ് ഹാൾ വിപുലീകരിക്കാനും മുൻപ് നിർത്തിവെച്ച പാഴ്‌സൽ സർവീസ് പുനരാരംഭിക്കാനും നീക്കമുണ്ട്. രാജ്യറാണി എക്‌സ്‌പ്രസിലെ തിരക്ക് കുറക്കാൻ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിലും റെയിൽവേ തുടർനടപടികൾ സ്വീകരിക്കും. വേണാട് സർവീസ് നീട്ടുന്നതോടെ നിലമ്പൂർ പാതയിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)