2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഐ ടി മേഖലയെ നയിക്കാൻ ഇനി ടെക് കേരളം ബ്രാൻഡ്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 04:40 AM
പങ്കുവെക്കുക:
ഐ ടി മേഖലയെ നയിക്കാൻ ഇനി ടെക് കേരളം ബ്രാൻഡ്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
ഐ ടി മേഖലയെ നയിക്കാൻ ഇനി ടെക് കേരളം ബ്രാൻഡ്ട മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തുകേരളപ്രഭാതം

'ടെക് കേരളം' ബ്രാൻഡും അഫിലിയേഷൻ പദ്ധതിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: പരമ്പരാഗത ഐടി സേവനങ്ങൾക്കപ്പുറം ഭാവി സാങ്കേതികവിദ്യകളിലേക്ക് സംസ്ഥാനത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ 'ടെക് കേരളം' ബ്രാൻഡ് അവതരിപ്പിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ നടന്ന ചടങ്ങിൽ വിവരസാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാനത്തെ സാങ്കേതിക മേഖലയെ ഏകോപിപ്പിക്കുന്ന ടെക് കേരളം ബ്രാൻഡിന് പുറമെ, ഐടി പാർക്ക് അഫിലിയേഷൻ പദ്ധതി, ടെക് കേരളം പോർട്ടൽ, സെമികോൺ കേരളം കൺസോർഷ്യം, മേക്കർ ഹബ് എന്നിവയും ചടങ്ങിൽ പ്രഖ്യാപിച്ചു.

ടെക്നോപാർക്ക് ഫേസ് ത്രീ ക്യാമ്പസിൽ നിർമിക്കുന്ന രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പ്രീ-ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടെക്നോപാർക്ക് ഫേസ് വണ്ണിൽ പുതിയ പദ്ധതിക്കായി ടെക്നോപാർക്കും കാസ്പിയൻ ടെക് പാർക്സും തമ്മിൽ ധാരണാപത്രം കൈമാറി.

ഐടി വകുപ്പിന്റെ പേരുതന്നെ മാറ്റിക്കൊണ്ട് ഈ മേഖലയിൽ വലിയൊരു മാറ്റത്തിന്റെ സന്ദേശമാണ് സർക്കാർ നൽകിയതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങിയെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികൾ കേരളത്തിലേക്ക് വരാൻ താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി സാങ്കേതികവിദ്യയുടെ എല്ലാ മേഖലകളിലും സംസ്ഥാനത്തിന്റെ വളർച്ച ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐഒടി, ക്വാണ്ടം മെക്കാനിക്‌സ്, സെമി കണ്ടക്ടർ, ഏവിയേഷൻ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളെ സംയോജിപ്പിക്കുന്ന ബൃഹത്തായ ശൃംഖലയായി കേരളത്തിന്റെ ഐടി മേഖലയെ പരിവർത്തിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സർക്കാർ ഐടി പാർക്കുകൾക്ക് പുറമെ സ്വകാര്യ കമ്പനികൾക്കും കോ-വർക്കിങ് സ്‌പേസുകൾക്കും സ്വകാര്യ ടെക് പാർക്കുകൾക്കും സർക്കാർ അഫിലിയേഷൻ നൽകുന്നതാണ് പുതിയ അഫീലിയേഷൻ പദ്ധതി. ഇതുവഴി ബ്രാൻഡിങ്, മാർക്കറ്റിങ്, മെന്റർഷിപ്പ്, നെറ്റ്‌വർക്കിങ് എന്നിവയിൽ സർക്കാരിന്റെ പിന്തുണയും ഐടി തൊഴിൽ മേളകളിൽ പങ്കെടുക്കാനുള്ള അവസരവും പങ്കാളികൾക്ക് ലഭിക്കും.

വി. മുരളിധരൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ.ഒ സച്ചിൻ കുമാർ യാദവ്, ഇൻഫോപാർക്ക്-സൈബർപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)