സിജെപിയുടെ പ്ലാന് ബി; ദീപ്കെയുടെ വിശ്വസ്തൻ, ആരാണ് ഇനി പ്രതിഷേധം മുന്നോട്ട് നയിക്കുന്ന അജിങ്ക്യ ഷിന്ഡെ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡല്ഹി: അഭിജീത് ദീപ്കെയും സൗരഭ് ദാസും അശുതോഷ് റാങ്കയും അടക്കമുള്ള കോക്രോച്ച് ജനതാ പാര്ട്ടി നേതൃത്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്ലാന് ബിയുമായി മുന്നോട്ട്. തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുന്നോട്ടുള്ള നീക്കം സിജെപി ഇന്ചാര്ജ് അജിങ്ക്യ ഷിന്ഡെ നയിക്കും. ഇക്കാര്യം അറിയിച്ചുകൊണ്ട് അഭിജീത് ദീപ്കെ എക്സില് വീഡിയോ പങ്കുവെച്ചു. ശനിയാഴ്ച റെക്കോര്ഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള് പങ്കുവെച്ചിരിക്കുന്നത്.
പ്രതിഷേധത്തിനെത്തുന്ന സിജെപി നേതൃത്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന സാധ്യത മുന്നില് കണ്ടാകാം ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചത്. വര്ഷങ്ങളായി അഭിജീത് ദിപ്കെയുമായി അടുത്ത് പ്രവര്ത്തിക്കുന്നയാളാണ് മഹാരാഷ്ട്രയില് നിന്നുള്ള അജിങ്ക്യ ഷിന്ഡെ. മുന്പ് ആംആദ്മി പാര്ട്ടിയുടെ യുവജന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുന്ന ഈ 35കാരന് പിന്നീട് സിജെപി നേതൃത്വത്തിലേക്ക് വരികയായിരുന്നു. കോക്രോച്ച് ജനതാപാര്ട്ടി രൂപീകരിച്ച ഘട്ടത്തില് നേതൃനിരയെ നയിക്കുന്ന 12 വിദ്യാസമ്പന്നരായ ചെറുപ്പക്കാര് എന്ന ചര്ച്ച ഉയര്ന്നപ്പോള് അജിങ്ക്യ ഷിന്ഡെയും ശ്രദ്ധേയമായിരുന്നു.




