'വനം വകുപ്പ് ഉന്നതന്റെ വീട്ടിൽ ഒരു മരം പോലുമില്ല'; ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച ഡ്രൈവർക്ക് സസ്പെൻഷൻ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

മേലുദ്യോഗസ്ഥൻ പൊരിവെയിലത്ത് മണിക്കൂറുകളോളം നിർത്തിച്ചതിൽ പ്രകോപിതനായി വാട്സാപ്പിലൂടെ പ്രതികരിച്ച വനംവകുപ്പ് ഡ്രൈവർക്ക് സസ്പെൻഷൻ. ഇടുക്കി കുമളി പെരിയാർ കടുവാ സങ്കേതത്തിലെ സീനിയർ ഗ്രേഡ് ഡ്രൈവറായ ബേബി ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരത്ത് ഔദ്യോഗിക ആവശ്യത്തിനെത്തിയ ഉന്നത ഉദ്യോഗസ്ഥനെ കൂട്ടാൻ വൈകിയെത്തിയതിന് ഒന്നര മണിക്കൂർ വെയിലത്ത് നിർത്തിയെന്ന് ആരോപിച്ച് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ബേബി ജോസഫ് സന്ദേശമയച്ചിരുന്നു. സ്വന്തം വീട്ടുപറമ്പിൽ തണലിന് ഒരു മരം പോലും വളർത്താത്ത ആളാണോ ഉന്നത വനപാലകനെന്നായിരുന്നു സന്ദേശം. ഇതിനെ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. അസഭ്യഭാഷയിലാണ് ബേബി സന്ദേശം അയച്ചത്.
കോട്ടയത്ത് ജോലി ചെയ്യുന്ന ഉന്നത വനപാലകൻ പെരിയാർ കടുവാസങ്കേതത്തിലെ ഔദ്യോഗിക വാഹനം തിരുവനന്തപുരത്തെ തന്റെ സ്വകാര്യ വസതിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വാഹനം ഉദ്യോഗസ്ഥന്റെ വീട്ടിലെത്താൻ വൈകി. ഇതേ തുടർന്ന്, ഉദ്യോഗസ്ഥൻ ഡ്രൈവറെ പൊരിവെയിലിൽ ഒന്നര മണിക്കൂറോളം നിർത്തിയെന്നും തണലിനായി മുറ്റത്ത് ഒരു മരം പോലും ഉണ്ടായിരുന്നില്ലെന്നുമാണ് ബേബി ജോസഫ് പറയുന്നത്.




