2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഫോർട്ട്കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി വൻ കവർച്ച; ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം മോഷ്‌ടിച്ചു; പ്രതി അറസ്റ്റിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:54 PM
പങ്കുവെക്കുക:
ഫോർട്ട്കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി വൻ കവർച്ച; ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം മോഷ്‌ടിച്ചു; പ്രതി അറസ്റ്റിൽ
ഫോർട്ട്കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി വൻ കവർച്ച; ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം മോഷ്‌ടിച്ചു; പ്രതി അറസ്റ്റിൽകേരളപ്രഭാതം

ഫോർട്ട് കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് ഉപകരണങ്ങളും കോപ്പർ കോയിലുകളും മോഷ്ടിച്ച കേസിൽ മട്ടാഞ്ചേരി സ്വദേശി ഷെഹീർ (48) അറസ്റ്റിലായി. നാല് മാസം മുമ്പ് സ്കൂളിൽ നടന്ന മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഫ്ലാറ്റിലും കെട്ടിടത്തിലും കയറി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ മട്ടാഞ്ചേരിയിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൽവത്തി കരയിൽ താമസിക്കുന്ന ഷെഹീർ (48) എന്നയാളാണ് പിടിയിലായത്. മട്ടാഞ്ചേരി ബാങ്കുമൂലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പ്രതിയെ ഇവിടെ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഫോർട്ട് കൊച്ചി ദ്രോണാചാര്യക്ക് സമീപമുള്ള കോറൽ ഹെറിറ്റേജ് ഫ്ലാറ്റിലും പ്രിൻസസ് സ്ട്രീറ്റിന് സമീപത്തുള്ള കെട്ടിടത്തിലുമായിരുന്നു കവർച്ച. കോപ്പർ കോയിലുകൾ, പൈപ്പ് ഫിറ്റിംഗ്സുകൾ, ഇലക്ട്രിക് മോട്ടറുകൾ, എ.സിയുടെ ഔട്ട് ഡോർ യൂണിറ്റ് ഫിറ്റിംഗ്സുകൾ, ഇലക്ട്രിക് വയറുകൾ, ടൂൾസുകൾ തുടങ്ങിയവയാണ് ഇയാൾ അപഹരിച്ചത്. അറസ്റ്റിന് ശേഷം നടത്തിയ തെളിവെടുപ്പിൽ പ്രതി താമസിച്ചിരുന്ന വീട്ടിനുള്ളിൽ നിന്ന് മോഷണം പോയ ഇലക്ട്രിക് വയറുകളും ടൂൾസുകളും കോപ്പർ കോയിലുകളും പോലീസ് കണ്ടെടുത്തു.

നാല് മാസം മുൻപ് ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി. സ്കൂളിൽ നടന്ന മറ്റൊരു മോഷണ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാർ, ഫോർട്ട് കൊച്ചി സി.ഐ. വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)