കൊച്ചിയിൽ 18-കാരൻ പൊലീസ് പിടിയിൽ; ഇടപ്പള്ളിയിലെ സ്വകാര്യ ബാറിൻ്റെ പാർക്കിങിൽ വച്ച് രാത്രി യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇടപ്പള്ളിയിലെ ബാർ പാർക്കിംഗിൽ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18-കാരൻ കളമശ്ശേരി പൊലീസിന്റെ പിടിയിലായി. മുതുകിൽ ആഴത്തിൽ കുത്തേറ്റ കിഷോർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18-കാരൻ പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുകര കരിപ്പായി പറമ്പ് വീട്ടിൽ ജിനു ജോസഫ് (18) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ എറണാകുളം സ്വദേശി കിഷോറിനാണ് (കുത്തേറ്റത്) ഗുരുതര പരിക്കേറ്റത്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഇടപ്പള്ളി സീഗേറ്റ് ബാറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിൽ മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് പിന്നീട് ബാറിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതി കിഷോറിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടത്. മുതുകിൽ ആഴത്തിൽ കുത്തേറ്റ കിഷോറിനെ ഉടൻതന്നെ അടുത്തുള്ള കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് പോലീസ് സംഘം അതിസാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ വർഷം ബിനാനിപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയാണ് ജിനു ജോസഫ് എന്ന് പോലീസ് അറിയിച്ചു. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ.-ന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സി.ആർ. ബിജു, രാം ലാൽ, സി.പി.ഒ.മാരായ മാഹിൻ അബൂബക്കർ, വിനു കെ.പി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




