ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷപ്രകടനം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കുണ്ടറയിൽ സ്വത്തു തർക്കത്തെ തുടർന്ന് ഭർത്താവിനെ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലേഖ മേരിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ മുട്ടയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചു. വെള്ളിമൺ സ്വദേശിയായ രാജുവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടത്തിലൂടെ കൊലപാതകം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
കൊല്ലം: കുണ്ടറയിൽ സ്വത്തു തർക്കത്തെ തുടർന്ന് ഭര്ത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ ഭാഗത്തുനിന്നും കനത്ത പ്രതിഷേധം. വെള്ളിമൺ സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതി ലേഖ മേരിയെയാണ് പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്. പ്രതിക്ക് നേരെ നാട്ടുകാർ മുട്ടയെറിയുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു. കനത്ത പ്രതിഷേധത്തിനിടയിലാണ് പൊലീസ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് വെള്ളിമൺ സ്വദേശിയായ രാജുവിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ഭാര്യ ലേഖ മേരിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, രാജുവിന്റെ കഴുത്തിലുണ്ടായിരുന്ന സംശയാസ്പദമായ പാടുകൾ മരണത്തിൽ ദുരൂഹതയുണർത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വത്തു തർക്കത്തെ തുടർന്ന് ഭർത്താവിനെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ലേഖ മേരി കുറ്റസമ്മതം നടത്തിയത്. തുടർന്ന് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. തുടർനടപടികളുടെ ഭാഗമായാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ കടുത്ത പ്രതിഷേധവും രോഷപ്രകടനവും കണക്കിലെടുത്ത് വൻ പൊലീസ് സുരക്ഷയോടെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.




