2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശിച്ച് ഹൈക്കോടതി, സംസ്ഥാനം എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് നിരീക്ഷണം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 08:38 AM
പങ്കുവെക്കുക:
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശിച്ച് ഹൈക്കോടതി, സംസ്ഥാനം എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് നിരീക്ഷണം
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; വിമര്‍ശിച്ച് ഹൈക്കോടതി, സംസ്ഥാനം എയിംസ് അര്‍ഹിക്കുന്നുണ്ടെന്ന് നിരീക്ഷണംകേരളപ്രഭാതം

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് മുൻഗണനയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ 'ആരോഗ്യരംഗത്തെ മികവ് അയോഗ്യതയാണോ' എന്ന് ചോദിച്ച് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ജനസാന്ദ്രതയേറിയ കേരളം തീർച്ചയായും ഒരു എയിംസ് അർഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.

കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് തൽക്കാലം മുൻഗണനയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണവും കോടതിയുടെ പരാമർശവും.

ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് എയിംസ് അനുവദിക്കുന്നതിൽ പ്രഥമ പരിഗണന നൽകുന്നതെന്നും കേരളം ആരോഗ്യമേഖലയിൽ ഏറെ മുന്നിലാണെന്നുമാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഹരജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

എന്നാൽ, ഈ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. "ആരോഗ്യരംഗത്ത് മികച്ചുനിൽക്കുന്നു എന്നതുകൊണ്ട് കേരളത്തിന് എയിംസ് ആവശ്യമില്ലെന്ന് അതിനർത്ഥമില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിൽ എങ്ങനെയാണ് എയിംസ് സ്ഥാപിക്കപ്പെട്ടത്?" - ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേരളം തീർച്ചയായും ഒരു എയിംസ് അർഹിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്ക് എപ്പോഴും ഉയർന്ന നിരക്കുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

അതിസാന്ദ്രമായ ജനസംഖ്യയുള്ള കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി. തുടന്ന് ഹരജി ആറ് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)