ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം; ഹൈക്കോടതി ഉത്തരവ് എതിരായാൽ അപ്പീൽ പോകും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്ലാനിങ് ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചപ്പോൾ, ഹൈകോടതിയിൽ തിരിച്ചടിയുണ്ടായാൽ അപ്പീൽ നൽകാനും ധാരണയായി.
തിരുവനന്തപുരം: സംസ്ഥാന പ്ലാനിങ് ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) തീരുമാനം. നിലവിൽ ഹൈകോടതിയുടെ പരിഗണനയിലുള്ള ഹരജിയിൽ ഉത്തരവ് എതിരായാൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാനും പി.എസ്.സി യോഗത്തിൽ തീരുമാനമായി. അതേസമയം, പരീക്ഷയിലെ വീണ്ടും മൂല്യനിർണയത്തിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമന ശുപാർശ നൽകും. മുൻ റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്ന ഇടത് അനുകൂല സംഘടനാ പ്രവർത്തകൻ അരുൺ ജെ. പ്രതാപിനെ സർവിസിൽനിന്ന് പുറത്താക്കുന്നതിന് മുന്നോടിയായി നോട്ടീസ് അയക്കും.
അതിനിടെ, പരീക്ഷ അട്ടിമറി കേസിൽ പി.എസ്.സി ഉദ്യോഗസ്ഥരെയും ഭരണസമിതിയെയും പൂർണമായും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ സ്വീകരിച്ചത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള എഫ്.ഐ.ആർ റദ്ദാക്കാൻ പി.എസ്.സി ഹൈകോടതിയെ സമീപിച്ചതിനെ ക്രൈംബ്രാഞ്ച് ശക്തമായി ചോദ്യം ചെയ്തു. പി.എസ്.സി ചെയർമാനും അംഗങ്ങളുമടക്കമുള്ള പ്രതികളെ സംരക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
പ്ലാനിങ് ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ സ്ട്രക്ചർ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതിരുന്നത് കേവലം സാങ്കേതിക പിഴവല്ല, മറിച്ച് ആസൂത്രിത ഗൂഢാലോചനയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
നേരത്തെ ഒന്നാം റാങ്ക് നൽകിയിരുന്ന ഇടത് സംഘടനാ നേതാവ് അരുൺ ജെ. പ്രതാപിന് ചില ചോദ്യങ്ങൾക്ക് അപൂർണമായ ഉത്തരങ്ങൾ മാത്രമാണുണ്ടായിരുന്നത്. ചില ചോദ്യങ്ങൾക്ക് ഉത്തരമേ എഴുതിയിരുന്നില്ല. ഒഴിവാക്കപ്പെട്ട 58 മാർക്കിന്റെ ഈ 10 ഉത്തരങ്ങൾ കൂടി മൂല്യനിർണയം നടത്തിയാൽ അരുൺ റാങ്ക് പട്ടികയിൽ പിന്നാക്കം പോകുമെന്ന് ഉറപ്പായിരുന്നു. ഇത് ഒഴിവാക്കാനാണ് മുഴുവൻ ഉദ്യോഗാർഥികളുടെയും ഈ 10 ഉത്തരങ്ങൾ പരിശോധിക്കാതിരുന്നത്.
ഇതിനുപുറമെ, ക്രമക്കേട് പുറത്തുവരുന്നത് തടയാൻ പി.എസ്.സി ബോധപൂർവം വിവരങ്ങൾ മറച്ചുവെച്ചതായും റിപ്പോർട്ടിലുണ്ട്. ജയലാൽ എന്ന ഉദ്യോഗാർഥിയും മറ്റു ചിലരും ഉത്തരക്കടലാസിന്റെ പകർപ്പിനായി 2025 ജൂൺ 11-ന് അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളം വൈകിച്ച് 2026 ജൂൺ 18-നാണ് പി.എസ്.സി മറുപടി നൽകിയത്. അഡ്വൈസ് മെമ്മോ നൽകി ഒരു വർഷം കഴിഞ്ഞാൽ നിയമനം റദ്ദാക്കാൻ പി.എസ്.സിക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്നത് മുതലെടുത്ത് പരാതിക്കാരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കാനും ക്രമക്കേടിലൂടെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിയെ സംരക്ഷിക്കാനുമാണ് പി.എസ്.സി ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.




