2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്, വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:44 AM
പങ്കുവെക്കുക:
നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്, വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്
നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്, വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്കേരളപ്രഭാതം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്‌സൈസ് കേസെടുത്തത്. രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെയും പൊലീസിന്റെയും തീരുമാനം.

സുഹൈലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ചശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. സുഹൈലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്.

പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

അപകട സമയം സുഹൈലിനൊപ്പം മൂന്ന് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ അപകടത്തിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് ആലപ്പുഴ സ്വദേശികളായ ജോയല്‍, അമീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയില്‍ യുവാവ് മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാല്‍ വീണ്ടും ബാറുകളില്‍ പോയി മദ്യപിച്ചു. 19കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിന് മൂന്ന് ബാറുകള്‍ക്ക് എതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)