ഇടുക്കി പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് കടത്തിയ കേസ്, മുൻ പൂജാരി അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഇടുക്കി പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് 59 ഗ്രാം സ്വർണം കവർന്ന കേസിൽ മുൻ പൂജാരി കെ.യു. മിഥുനെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം അപഹരിച്ച ശേഷം അമ്മയ്ക്ക് ശസ്ത്രക്രിയയാണെന്ന് വ്യാജമറിയിച്ചാണ് ഇയാൾ മുങ്ങിയത്.
ഇടുക്കി: പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 59 ഗ്രാം സ്വർണം കവർന്ന കേസിൽ മുൻ പൂജാരിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏഴുകോൺ നെടുവത്തൂർ അമ്പലത്തുംകാല സ്വദേശി കെ.യു. മിഥുനാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിടിയിലായത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജനുവരി 6 മുതൽ 18 വരെയാണ് മിഥുൻ കൊച്ചറ ക്ഷേത്രത്തിൽ പൂജാരിയായി സേവനമനുഷ്ഠിച്ചിരുന്നത്. ഈ സമയത്ത് അലമാരയുടെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് ഇയാൾ സ്വർണാഭരണങ്ങൾ കവർന്നത്. സ്വർണം കൈക്കലാക്കിയ ശേഷം അലമാര വീണ്ടും പൂട്ടിയിടുകയും ചെയ്തു. അമ്മയ്ക്ക് ശസ്ത്രക്രിയ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.
ഫെബ്രുവരി 16-ന് ക്ഷേത്രാവശ്യത്തിനായി അലമാര തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്. പൂട്ടിയിട്ട അലമാരയിൽ നിന്ന് സ്വർണം കാണാതായതിനെ തുടർന്ന് ഭരണസമിതിയിലെ ഒരു വിഭാഗം ഭാരവാഹികൾ ക്ഷേത്രം സെക്രട്ടറിക്ക് നേരെ ആരോപണമുന്നയിച്ചിരുന്നു. തുടർന്ന് നിഷ്കളങ്കത തെളിയിക്കാൻ സെക്രട്ടറി സ്വന്തം കൃഷിയിടം വിറ്റ് 60 ഗ്രാം സ്വർണം വാങ്ങി ക്ഷേത്രത്തിൽ നൽകുകയും ചെയ്തു.
ഭരണസമിതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്ന വണ്ടൻമേട് പോലീസ് വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊല്ലം കുണ്ടറ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്തുവരികയായിരുന്ന ഇയാളെ അവിടെുവെച്ചാണ് പോലീസ് സംഘം പിടികൂടിയത്.
കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം വിവിധ സ്വർണക്കടകളിൽ വിൽക്കുകയും പകരം പുതിയ സ്വർണം വാങ്ങുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




