കാർ നിർത്താതെ പോയി, പിന്തുടർന്ന് പൊലീസും; കോഴിക്കോട് എൻഐടിക്ക് സമീപം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം പൊലീസ് പരിശോധന വെട്ടിച്ചു കടന്ന കാറിൽനിന്ന് 11.90 ഗ്രാം എം.ഡി.എം.എയുമായി ക്രിമിനൽ പശ്ചാത്തലമുള്ള യുവാവും യുവതിയും പിടിയിൽ. എൻ.ഐ.ടി വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിൽക്കാൻ എത്തിയതായിരുന്നു ഇരുവരും എന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട്: ചാത്തമംഗലത്ത് വാഹനപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന കാറിൽനിന്ന് എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. കോഴിക്കോട് പേരാമ്പ്ര പള്ളിച്ചാലിൽ അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങൽ റിൻഷാ ഫാത്തിമ (23) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ കേസടക്കം നിരവധി ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇരുവരും.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. ചാത്തമംഗലം എൻ.ഐ.ടിയിൽ നടക്കുന്ന 'തത്വ-2026' ഫെസ്റ്റിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി എസ്.ഐ ഏലിയാസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വാഹനപരിശോധന നടക്കുകയായിരുന്നു. ഇതിനിടയിലാണ് സംശയകരമായ സാഹചര്യത്തിൽ കാർ എത്തിയത്.
വാഹനം നിർത്താൻ പൊലീസ് കൈ കാണിച്ചെങ്കിലും, പൊലീസിനെ കണ്ടതോടെ ഡ്രൈവർ കാർ അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വാഹനം പിന്തുടരുകയായിരുന്നു. എൻ.ഐ.ടി മെഗാ ഹോസ്റ്റലിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ ഈ കാർ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വിപണിയിൽ 50,000 രൂപയോളം വിലവരുന്ന 11.90 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കസ്റ്റഡിയിലെടുത്ത പ്രതികളെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാപ്പ (KAAPA) കേസിലെ പ്രതിയായ അഫ്നാസിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം കേസുകൾ നിലവിലുണ്ട്. പിടിയിലായ റിൻഷാ ഫാത്തിമയുടെ പേരിലും മൂന്ന് കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എൻ.ഐ.ടി പരിസരത്തെ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്യാനാണ് ഇവർ ചാത്തമംഗലത്ത് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




