'പിണറായിക്കെതിരായ തെളിവില് സംശയമുണ്ടായിരുന്നു, അതിനാലാണ് പ്രാഥമിക അന്വേഷണം'; സര്ക്കാര് ഹൈക്കോടതിയില്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കൊച്ചി: സിഎംആര്എല്-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില് തെളിവുകളില് സംശയമുണ്ടായിരുന്നുവെന്ന് സര്ക്കാര് ഹൈക്കോടതിയില്. അന്വേഷണത്തില് സുതാര്യത പലിക്കണം എന്നതാണ് സര്ക്കാരിന്റെ നിലപാട് എന്നാണ് അഡ്വക്കേറ്റ് ജനറല് ഹൈക്കോടതിയ അറിയിച്ചത്. നേരിട്ട് കേസ് എടുക്കാന് കഴിയുന്നതാണോ ഇഡി നല്കിയ കത്ത് എന്നാണ് സര്ക്കാര് പരിശോധിച്ചത്. എഫ്ഐആര് രജിസ്റ്റര് ചെയ്യണോ എന്നത് സര്ക്കാരിന്റെ വിവേചനാധികാരമാണ്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടെങ്കില് എഫ്ഐആര് രജിസ്റ്റര് ചെയ്യാം. സംശയമുണ്ടെങ്കില് പ്രാഥമിക അന്വേഷണം നടത്താമെന്നും സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. സംശയം ഉള്ളതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയത് എന്നാണ് സര്ക്കാര് വ്യക്തമാക്കിയത്. സിംഗിള് ബെഞ്ച് ഉത്തരവിനെ അനുകൂലിക്കുകയാണോ അതോ എതിര്ക്കുകയാണോ എന്നാണ് അഡ്വക്കറ്റ് ജനറലിനോട് ഡിവിഷന് ബെഞ്ച് ചോദിച്ചത്. ഇതിലാണ് സര്ക്കാര് മറുപടി നല്കിയത്.
കെഎം ഷാജഹാന് സത്യസന്ധനായ വ്യവഹാരിയല്ലെന്നും സര്ക്കാര് കോടതിയില് വിമര്ശിച്ചു. മൂന്ന് ജഡ്ജിമാര്ക്കെതിരെ ആക്ഷേപം ഉയര്ത്തിയ ആളാണ് കെ എം ഷാജഹാന്. ഇതില് കോടതിയലക്ഷ്യ നടപടികള് എടുത്തു. പിന്നീട് നിരുപാധികം മാപ്പപേക്ഷിച്ച് നടപടിയില് നിന്ന് ഒഴിവായി എന്നും എജി കോടതിയില് ചൂണ്ടിക്കാട്ടി. കെ എം ഷാജഹാനെതിരെ ഹര്ജിക്കാരും രംഗത്ത് വന്നിരുന്നു. കെ എം ഷാജഹാന്റേത് പൊതുതാല്പര്യ ഹര്ജിയെന്ന് സിംഗിള് ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി രജിസ്ട്രിയും ഹര്ജിയില് എതിര്പ്പുയര്ത്തി. കെ എം ഷാജഹാന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചില്ലെന്നും അഴിമതിക്കെതിരെ ശബ്ദമുയര്ത്തുന്നയാളായി ഷാജഹാനെ കാണാനാവില്ലെന്നും ടി വീണയും മുഹമ്മദ് റിയാസും വാദിച്ചു.




