'അസുഖമായിട്ടും വീട്ടിൽ പോകാൻ അനുവദിച്ചില്ല, കോളേജിൽ സമ്മർദമുണ്ടെന്ന് ആയേഷ് അമ്മയോട് പറഞ്ഞിരുന്നു'; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കോളജ് അധികൃതരിൽ നിന്നുള്ള സമ്മർദവും അസുഖബാധിതനായിട്ടും വീട്ടിൽ വിടാഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പ്രണയനൈരാശ്യമെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണെന്നും ആയേഷിന്റെ കുടുംബം ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ട് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച തിരുവനന്തപുരം കല്ലറ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിയുടെ മരണവിവരം അറിയിക്കാൻ കോളജ് അധികൃതർ വൈകിയതായും പരാതിയുണ്ട്.
കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) എൻജിനീയറിങ് കോളജ് വിദ്യാർഥി ആയേഷിന്റെ (19) മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. കോളജിലെ സമ്മർദം മൂലമാണ് മരണമെന്നും അസുഖ ബാധിതനായിട്ടും വീട്ടിൽ പോകാൻ അധികൃതർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കോളജ് അധികൃതർ ശ്രമിക്കുകയാണെന്നും കുടുംബം പരാതിപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ടാണ് രണ്ടാംവർഷ വിദ്യാർഥിയായ ആയേഷിനെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോളജിൽനിന്ന് മടങ്ങിയെത്തി ഹോസ്റ്റൽ മുറിയിൽ ബാഗ് വെച്ചയുടൻ ആയേഷ് പുറത്തേക്കിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെയാണ് കെട്ടിടത്തിന് താഴെ വീണനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലറ സ്വദേശിയാണ്.
കോളജിൽ കടുത്ത മാനസികസമ്മർദം നേരിടുന്നതായി ആയേഷ് അമ്മയോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. മരണവിവരം അറിയിക്കാൻ വൈകിയതിലും ദുരൂഹതയുണ്ട്. ആയേഷിന് പ്രണയമോ പ്രണയനൈരാശ്യമോ ഉണ്ടായിരുന്നതായി അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിവില്ല. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമുള്ള ആത്മഹത്യയെന്ന് ചിത്രീകരിക്കാനാണ് കോളജ് അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി.




