കേരളത്തിലെ സര്ക്കാര് നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലേ? മുഖ്യമന്ത്രി പറയട്ടെയെന്ന് രാജീവ് ചന്ദ്രശേഖര്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കവെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് കോൺഗ്രസിന്റെ നിലപാടിൽ വ്യക്തത വരുത്താൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കപ്പുറം ബി.ജെ.പി. പ്രവർത്തകർ താഴെത്തട്ടിലിറങ്ങി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനെങ്കിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 'മിഷൻ 2029' സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. കേരള പ്രഭാരിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവുമായ ഡോ. എം. നാഗരാജിനും സഹപ്രഭാരി ഡോ. എം. വെങ്കിടേശനും പാർട്ടി കോർ കമ്മിറ്റി യോഗത്തിലും 'മിഷൻ 2029' നേതൃയോഗത്തിലും പങ്കെടുത്തു. തിരുവനന്തപുരത്തെ 'കെ.ജി. മാരാർ ഭവനിൽ' ഇരുവർക്കും സ്വീകരണം നൽകി.
"ഇന്നും താൻ ഒരു വിദ്യാർത്ഥിയാണെന്നും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുണ്ട്. വികസിത ഭാരതത്തിനായി എന്താണ് ചെയ്യേണ്ടതെന്ന് ഓരോ ബി.ജെ.പി. പ്രവർത്തകനും നിരന്തരം പഠിച്ചുകൊണ്ടിരിക്കണം," രാജീവ് ചന്ദ്രശേഖർ ഓർമ്മിപ്പിച്ചു.
ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകില്ലെന്നും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. "കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കോൺഗ്രസിന് സോഷ്യൽ മീഡിയയിൽ റീൽ ഇട്ടാൽ മാത്രം മതി, അവർക്ക് നിശ്ചിത വോട്ടുബാങ്കുകളുണ്ട്. എന്നാൽ ബി.ജെ.പി.ക്ക് ഓരോ വോട്ടും നിർണായകമാണ്. അതുകൊണ്ട് തന്നെ താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചേ മതിയാകൂ," അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ ബദലായി ബി.ജെ.പി. അതിവേഗം വളർന്നുവരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ കേരളം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സർക്കാരിൽ നിന്ന് കറന്റ് കട്ടും വിലക്കയറ്റവും തൊഴിലില്ലായ്മയും വികസന മുരടിപ്പുമല്ലാതെ ജനങ്ങൾക്ക് മറ്റൊന്നും ലഭിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു.




