തുലാവർഷം രണ്ടു ദിവസത്തിനകം; ഇന്ന് മുതല് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനകം എത്തും. ഇന്ന് മുതൽ ശനിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തേക്ക് തുലാവർഷം എത്തുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുമെന്നും, പിന്നാലെ തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ സജീവമാകുമെന്നുമാണ് പ്രവചനം. തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ 17 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൽ ഒക്ടോബർ 15, 16, 17 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, ഒക്ടോബർ 12, 13 തീയതികളിലും തുടർന്ന് 15, 16, 17 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.




