ചുരിദാർ വേണ്ടെന്ന് സ്കൂൾ മാനേജർ, വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമെന്ന് ഹൈക്കോടതി, അധ്യാപികയ്ക്ക് സംരക്ഷണം നൽകണം
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കൊച്ചി: സ്കൂളില് ചുരിദാര് ധരിക്കുന്നത് വിലക്കിയ കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്കൂള് മാനേജറുടെ നിര്ദേശത്തെ വിമര്ശിച്ച് ഹൈക്കോടതി. സംഭവത്തിനെതിരെ പ്രഥാനാധ്യപിക സിന്ധു എസ് നായര് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ വിധി. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ഇത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമത്തിന്റെ പിന്ബലമില്ലാതെ ഇത്തരത്തില് നിര്ദേശം നല്കാന് ആര്ക്കും തന്നെ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം മാനേജറെ അയോഗ്യനാക്കണമെന്ന ഹര്ജിക്കാരിയുടെ ആവശ്യത്തില് മതിയായ കാരണങ്ങളുണ്ടെങ്കില് അധികൃതര്ക്ക് തീരുമാനമെടുക്കാമെന്നും വിദ്യഭ്യാസ വകുപ്പിന്റെ അന്വേഷണം നടക്കുന്നതില് ഇക്കാര്യത്തില് നിരീക്ഷണം ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കി. ചുരിദാറിന് പകരം സാരി ധരിച്ചെത്തണമെന്ന് മാനേജര് ആവശ്യപ്പെട്ടതായി ഹര്ജിക്കാരി വാദിച്ചു. എന്നാല് ഇത് തെറ്റായ ആരോപണമാണെന്നും ജോലിയിലെ വീഴ്ച മറയ്ക്കാനാണ് തെറ്റായ വാദം ഉന്നയിക്കുന്നതെന്നും മാനേജര് സുരേഷ് കുമാര് വാദിച്ചു




