സൈബർ തട്ടിപ്പിലൂടെ പണം സ്വരൂപിച്ചു, ജ്വല്ലറിയിൽ നിന്ന് തട്ടിയെടുത് 62 ലക്ഷം രൂപയുടെ സ്വർണം; യുവാവ് അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മലപ്പുറം ചെമ്പ്രാശ്ശേരി സ്വദേശി ഷാഹിദ് സുലൈമാനെ (31) സൈബർ തട്ടിപ്പിലൂടെ ലഭിച്ച 62 ലക്ഷം രൂപയുടെ സ്വർണം ജ്വല്ലറിയിൽ നിന്ന് തട്ടിയെടുത്ത കേസിൽ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയിൽ നിന്ന് ആഡംബര കാറും വ്യാജ തിരിച്ചറിയൽ രേഖയും പിടിച്ചെടുത്തു.
കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറിയിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രാശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് അറസ്റ്റിലായത്.
സ്വർണം കൈക്കലാക്കിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ബംഗളൂരു, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു ഇയാൾ.
കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ആഡംബര കാറും വ്യാജ തിരിച്ചറിയൽ രേഖയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.




