മാസപ്പടി കേസിൽ നിയമപോരാട്ടം കടുപ്പിച്ച് പിണറായിയും റിയാസും വീണയും; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും; നിർണായകം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്.
കൊച്ചി: മാസപ്പടി, ഹവാല കേസുകളിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പിണറായിയും മുഹമ്മദ് റിയാസും ഒന്നാം പ്രതികളായ സാഹചര്യത്തിൽ ഹൈക്കോടതി നിലപാട് അതീവ നിർണായകമാകും.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും, മുഖ്യമന്ത്രിയെന്ന നിലയിൽ സി.എം.ആർ.എൽ കമ്പനിക്ക് യാതൊരുവിധ സഹായവും ചെയ്തിട്ടില്ലെന്നുമാണ് പിണറായിയുടെ വാദം. എന്നാൽ തെളിവുകളും വിവരങ്ങളുമുണ്ടെങ്കിൽ എഫ്.ഐ.ആർ ഇടാൻ പ്രതികളെ കേൾക്കേണ്ടതുണ്ടോ എന്ന് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അപ്പീൽ നിലനിൽക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ ഇതിനകം വിജിലൻസ് കേസെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സിംഗിൾ ബെഞ്ച് കേസിൽ എതിർകക്ഷിയല്ലാത്തതിനാൽ അപ്പീൽ നൽകാൻ പ്രത്യേക അനുമതി വേണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പുതിയ അപ്പീൽ ഹർജിയാണ് ഇന്ന് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതിപ്പട്ടികയിൽ പ്രമുഖർ
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. ഹവാല ഇടപാട് കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമെടുത്ത രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണയാണ് രണ്ടാം പ്രതി. അധികാര ദുരുപയോഗത്തിലൂടെ ഇരുവരും പണമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിലെ പ്രധാന ആരോപണം.
കുരുക്കായി മാസപ്പടിയും ഹവാലയും
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി വഴി സി.എം.ആർ.എല്ലിൽ നിന്ന് സേവനങ്ങൾ ഒന്നും നൽകാതെ 3.28 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണ് ആദ്യ കേസ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വാങ്ങിയ ഈ പണം പിണറായിക്കുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത ഉൾപ്പെടെ ഏഴ് പേരാണ് ഈ കേസിലെ പ്രതികൾ.
മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി സമ്പാദിച്ച പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. വീണയുടെ വസതിയിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത കയ്യെഴുത്തുപ്രതികളാണ് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നത്. റിയാസിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ എട്ട് പേരാണ് ഈ കേസിലുള്ളത്.
ഇ.ഡി റിപ്പോർട്ടും ഹൈക്കോടതി ഉത്തരവും പരിശോധിച്ച ശേഷം വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് രണ്ട് കേസുകളിലും തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം അനധികൃത സ്വത്തുസമ്പാദം, സർക്കാർ പദവി ദുരുപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള ശുപാർശയും വിജിലൻസ് സർക്കാരിന് നൽകിയിട്ടുണ്ട്.




