2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നത്, കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണ്: വി ശിവന്‍കുട്ടി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 05:51 PM
പങ്കുവെക്കുക:
സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നത്, കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണ്: വി ശിവന്‍കുട്ടി
സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നത്, കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണ്: വി ശിവന്‍കുട്ടികേരളപ്രഭാതം

തിരുവനന്തപുരം: ഇടുക്കി മൂന്നാറില്‍ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായിക മേള നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നതെന്നും കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി ശിവന്‍കുട്ടി വിമര്‍ശിച്ചത്. മൂന്നാര്‍ ഉപജില്ലാ കായികമേള നടക്കുന്ന കൊറണ്ടിക്കാട് സ്‌കൂളിലെ ചെളി നിറഞ്ഞ ഗ്രൗണ്ടിലേക്ക് കുരുന്നുകളെ തള്ളിവിട്ട് പരിക്കേല്‍പ്പിക്കുന്ന കാഴ്ച അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ഉറപ്പാക്കാതെ സ്‌കൂള്‍ മേളകളെ വെറും ചടങ്ങുകളാക്കി മാറ്റുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ല. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

മൂന്നാര്‍ കൊറണ്ടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മഴയ്ക്കിടെ മത്സരം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരുന്നു. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേ മത്സരം നടക്കുന്നതിനിടെ കുട്ടികള്‍ വീണ് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടും മത്സരം തുടരുന്ന സാഹചര്യവും ഉണ്ടായി. ചെളിക്കുളമായി കിടക്കുന്ന ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഹൈ ആള്‍ട്ടിറ്റിയൂട്ട് സ്റ്റേഡിയം ഉള്ളപ്പോഴാണ് കൊറണ്ടിക്കാടുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ മേള സംഘടിപ്പിച്ചത്. എന്നാല്‍ മഴയ്ക്കിടയില്‍ മത്സരം നടക്കുന്ന വിവരം അറിഞ്ഞില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)