പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില് തീരുമാനം ഇല്ലാതെ സംയുക്ത നിയമസഭാകക്ഷി യോഗത്തിനില്ല; പങ്കെടുക്കണമെന്ന പിണറായിയുടെ നിര്ദേശം തള്ളി സിപിഐ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: സംയുക്ത നിയമസഭാ കക്ഷിയോഗത്തില് പങ്കെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്ദേശം തളളി സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില് തീരുമാനം ഇല്ലാതെ യോഗത്തിനില്ലെന്ന് സിപിഐ. മറുപടി രേഖാമൂലം അറിയിക്കാന് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. (CPI stands firm on Deputy Leader of the Opposition demand)
സിപിഐ നിയമസഭാ കക്ഷി നേതാവ് കെ.രാജനോടാണ് നിയമസഭാ കക്ഷിയോഗത്തില് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത്. പാര്ട്ടിയില് ആലോചിക്കാതെ മറുപടി പറയാന് ആകില്ലെന്ന് കെ രാജന് അപ്പോള് തന്നെ അറിയിച്ചിരുന്നു. തിങ്കളാഴ് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്മുന്നോടിയായാണ് നിയമസഭാ കക്ഷി ചേരണമെന്ന് പിണറായി നിര്ദ്ദേശിച്ചത്. മുന്നണിയിലെ തര്ക്കം മൂലം ഇതുവരെ സംയുക്ത പാര്ലമെന്ററി പാര്ട്ടി യോഗം ചേരാനായിട്ടില്ല.പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നില് ഇനി അപേക്ഷിക്കാന് പോകേണ്ടെന്ന് സിപിഐ തീരുമാനിച്ചതായി റിപ്പോര്ട്ടുണ്ടായിരുന്നു. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചര്ച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുന്കൈ എടുത്ത് ക്ഷണിച്ചാല് മാത്രം ചര്ച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില് തീരുമാനമാകും വരെ നിയമസഭാകക്ഷി യോഗത്തില് പങ്കെടുക്കില്ലെന്ന നിലപാടില് ഉറച്ച് നില്ക്കാനും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു.
അടുത്തയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച കാര്യങ്ങള് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ വീണ്ടും ചര്ച്ചയ്ക്ക് എടുത്തത്. ആവശ്യം ഉന്നയിച്ച് പാര്ട്ടിക്ക് അഭിമാനക്ഷതം ഉണ്ടാക്കേണ്ടെന്ന വിലയിരുത്തലിലാണ് നിലവിലെ ഈ നിലപാടിലേക്ക് എത്തിയത്. വസരം ലഭിച്ചാല് മുന്നണി യോഗത്തിലും വിഷയം ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്, നിയമസഭാ കക്ഷിയോഗത്തില് നിന്ന് വിട്ടുനില്ക്കുമ്പോഴും സഭാതലത്തിലെ മുന്നണിയുടെ ഇടപെടലുകളുമായി സഹകരിക്കും.




