അച്ഛനെ വെട്ടിപരുക്കേല്പ്പിച്ചു, പിന്നാലെ അരയിൽ സൂക്ഷിച്ചിരുന്ന തോട്ടപൊട്ടിച്ച് ആത്മഹത്യ ചെയ്തു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തൃശൂർ ചാലക്കുടിയിൽ അച്ഛനെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ അരയിൽ സൂക്ഷിച്ചിരുന്ന തോട്ടപൊട്ടി ജീവനൊടുക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛൻ രാമകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂർ: ചാലക്കുടി മേലൂർ അടിച്ചിലിയിൽ അച്ഛനെ വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം മകൻ തോട്ടപൊട്ടി ജീവനൊടുക്കി. അടിച്ചിലി മൂക്കിനിചിറയിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവത്തിൽ നന്ദനൻ (58) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛൻ രാമകൃഷ്ണന്റെ കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇദ്ദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മൂക്കിനിചിറയിലുള്ള രാമകൃഷ്ണന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെയാണ് നന്ദനൻ എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് നന്ദനൻ അച്ഛനെ വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച രാമകൃഷ്ണന്റെ സഹായിക്കും പരിക്കേറ്റിട്ടുണ്ട്.
അച്ഛനെ വെട്ടിയ ശേഷം അരയിൽ കരുതിയിരുന്ന നാടൻ തോട്ട സ്വയം പൊട്ടിച്ചാണ് നന്ദനൻ ജീവനൊടുക്കിയത്. സ്ഫോടനത്തിൽ നന്ദനന്റെ ശരീരത്തിന്റെ താഴെഭാഗം പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്ത് ഇലക്ട്രിക് വയറുകളും ബാറ്ററികളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നന്ദനൻ. അച്ഛനും മകനും തമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അവിവാഹിതനായ നന്ദനൻ സഹോദരനും കുടുംബത്തിനുമൊപ്പം ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ഇയാൾക്ക് രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. വിവരമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




