കോടതി നിയമിക്കുന്ന ഡോക്ടർമാർ അനില ബേബിയുടെ മാനസികാരോഗ്യം പരിശോധിക്കും; തുടർനടപടികൾ താൽക്കാലികമായി നിർത്തി; കൊലപാതകങ്ങളിൽ പോലീസ് ശേഖരിച്ച തെളിവുകൾ ഇങ്ങനെ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കാലിഫോർണിയ: മലയാളി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മിൽപിറ്റാസ് സ്വദേശി അനില ബേബി (32) വിചാരണ നേരിടാൻ മാനസികമായി പ്രാപ്തയല്ലെന്ന വാദമുയർത്തി പ്രതിഭാഗം അഭിഭാഷകൻ. സാന്റാ ക്ലാര കൗണ്ടി സുപ്പീരിയർ കോടതിക്ക് മുമ്പാകെയാണ് അഭിഭാഷകൻ തന്റെ വാദം ഉന്നയിച്ചത്. ഇതോടെ കേസിന്റെ തുടർനടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.
പ്രതിഭാഗം വക്കീലായ ഷോൺ ജോർജ്, താൻ അനിലയുമായി നേരിട്ട് സംസാരിച്ചുവെന്നും, അവരുടെ മാനസികനിലയെക്കുറിച്ച് തനിക്ക് സംശയം ഉണ്ടെന്നും കോടതിയെ അറിയിക്കുകയായിരുന്നു. ഇതെത്തുടർന്ന് അനിലയെ കോടതിയുടെ മെന്റൽ ഹെൽത്ത് കലണ്ടറിലേക്ക് മാറ്റി. കോടതി നിയമിക്കുന്ന ഡോക്ടർമാർ അനിലയുടെ മാനസികാരോഗ്യം പരിശോധിക്കും. പരിശോധന, റിപ്പോർട്ട് സമർപ്പണം തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാകാൻ കുറച്ച് മാസങ്ങളെടുത്തേടുക്കും എന്നാണ് വിവരം.
കോടതി നിയമിക്കുന്ന ഡോക്ടർമാരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മരീസ മക്കൗൺ വ്യക്തമാക്കി. ഒക്ടോബർ 16-ന് കേസ് വീണ്ടും കോടതി പരിഗണിക്കും. എന്നാൽ വിചാരണ എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.




