എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റില് ചാടി, കുഞ്ഞിന് ജീവൻ നഷ്ടമായി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, അമ്മക്കെതിരെ കേസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മലപ്പുറം മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ കുട്ടി മരിക്കുകയും അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. ദുരന്തത്തിൽ കുഞ്ഞിന് ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ അമ്മയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് മാതാവ് വിഞ്ജുഷയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന രേഖ പൊലീസ് കണ്ടെടുത്തു.
മുണ്ടക്കുളം സ്വദേശി വിഞ്ജുഷ, മകൻ സയാൻ സിദ്ധി എന്നിവരെ വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. വിഞ്ജുഷയുടെ ഭർത്താവ് ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരേയും കാണാനില്ലെന്ന വിവരമറിയുന്നത്. വിഞ്ജുഷ മൊബൈൽ ഫോൺ വീട്ടിൽത്തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു.
ഉച്ചയ്ക്ക് 12.45-ഓടെയാണ് വീട്ടിന് സമീപത്തെ കിണറ്റിൽ ഇരുവരേയും കണ്ടെത്തിയത്. മുണ്ടക്കുളം സ്കൂൾ ഗ്രൗണ്ടിന് അടുത്തുള്ള കിണറിന്റെ വലയുടെ ഒരുഭാഗം നീങ്ങിയ നിലയിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്. പരിശോധനയിൽ കുഞ്ഞിനെ കൈയിൽ ചേർത്തുപിടിച്ച് കിണറിന്റെ പടവിൽ പിടിച്ചിരിക്കുന്ന നിലയിലാണ് വിഞ്ജുഷയെ കണ്ടത്.
ഉടൻതന്നെ നാട്ടുകാർ രണ്ടുപേരെയും പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ വിഞ്ജുഷ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവം ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാകുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




