2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; സുഹൈലിന് ഒപ്പമുണ്ടായിരുന്ന പേർക്കെതിരെ കൂടി കേസ്, പ്രേരണാകുറ്റം ചുമത്തി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 06:35 AM
പങ്കുവെക്കുക:
നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; സുഹൈലിന് ഒപ്പമുണ്ടായിരുന്ന പേർക്കെതിരെ കൂടി കേസ്, പ്രേരണാകുറ്റം ചുമത്തി
നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം; സുഹൈലിന് ഒപ്പമുണ്ടായിരുന്ന പേർക്കെതിരെ കൂടി കേസ്, പ്രേരണാകുറ്റം ചുമത്തികേരളപ്രഭാതം

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈലിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കെതിരെയും പോലീസ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. വാഹനത്തിന്റെ വേഗതയും മറ്റ് വിവരങ്ങളും കണ്ടെത്താൻ ഇവന്റ് ഡാറ്റാ റെക്കോഡർ പരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും നടപടികൾ തുടങ്ങി.

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ വഴിമാറ്റം. മുഖ്യപ്രതി സുഹൈൽ സജീവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ കൂടി പോലീസ് കേസെടുത്തു. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്.

ബോധമില്ലാത്ത അവസ്ഥയിൽ വണ്ടി ഓടിക്കാൻ പ്രതിക്ക് പ്രേരണ നൽകിയെന്നും, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും അത് തടയാൻ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ നടപടി. അപകടത്തിന് ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തെക്കുറിച്ചുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, പ്രതി സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കും. പോലീസിന്റെ ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് നീക്കം.

കേസിൽ നിർണായക തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മിനികൂപ്പറിന്റെ ഇവന്റ് ഡാറ്റാ റെക്കോഡർ (ഇ.ഡി.ആർ) പോലീസ് പരിശോധിക്കും. ഇതിലൂടെ അപകടസമയത്ത് വാഹനത്തിന്റെ കൃത്യമായ വേഗത എത്രയായിരുന്നുവെന്ന് കണ്ടെത്താനാകും. അപകടസമയത്ത് ബ്രേക്ക് പ്രയോഗിച്ചിരുന്നോ, ആക്സിലേറ്റർ പെഡൽ എത്ര ദൂരം അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങളും ഇതിൽ നിന്നും വ്യക്തമാകും. ഇതിനായി ബി.എം.ഡബ്ല്യുവിൽ നിന്ന് വിദഗ്ധരായ മെക്കാനിക്കുകളെ വരുത്തിയാണ് പോലീസ് ഡാറ്റ ശേഖരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഹൈൽ നിലവിൽ റിമാൻഡിലാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)