തൃശൂർ കൊടകരയില് കെട്ടിടം തകര്ന്നുവീണു; മൂന്നു തൊഴിലാളികള് മരിച്ചു
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തൃശൂര്: കൊടകരയില് പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള് മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), ആലീം (30) എന്നിവരാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. മൂന്നുപേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്ന്നുവീണത്. കൊടകര ടൗണില് തന്നെയാണ് കെട്ടിടം. ചെങ്കല്ലുകൊണ്ട് നിര്മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.അപകടത്തിന് പിന്നാലെ ഫയര് ഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചില് തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കി തിരച്ചില് തുടർന്നു . ഇതിനൊടുവിലാണ് മൂന്നുപേരെ കണ്ടെത്തിയത്.
12 തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര് രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. മൂന്നുപേരൊഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. പതിറ്റാണ്ടുകളോളം പഴക്കമുള്ള കെട്ടിടമാണ് ഇതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്ക്കിടയിലാണ് തൊഴിലാളികള് കുടുങ്ങിയത്.




