തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഹർജി നൽകുമെന്ന് രാഹുൽ ഗാന്ധി; 'ഇത് ഒരു ദിവസത്തെ യുദ്ധമല്ല, ഈ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ല'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങുന്നതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അഞ്ച് പേരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ എത്ര വർഷം വേണമെങ്കിലും ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്യാനേഷ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മീഷണർക്കെതിരെ ഉടൻ ഹർജി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ജ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് ആ അഞ്ച് പേരെന്ന് അദ്ദേഹം ആരോപിച്ചു. ഇതൊരു ദിവസത്തെ യുദ്ധമല്ലെന്നും എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും എത്ര കൊല്ലം വേണമെങ്കിലും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഡൽഹി നഗരം ഇന്ന് ജയിലിലാണ്. ഇവിടേക്ക് എത്തുന്ന ജനങ്ങളെ തടയുകയാണ്. എല്ലായിടത്തും പൊലീസിനെയും പതിനായിരക്കണക്കിന് സേനയെയും വിന്യസിച്ചിരിക്കുന്നു. മോദിയും സർക്കാരും ജ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ്. എത്രത്തോളം സംരക്ഷിക്കുന്നുവോ അത്രയും ശക്തമായി പ്രതിഷേധം മാറും. ആർ.എസ്.എസ്-ബി.ജെ.പി ഗുണ്ടകളെയും വിന്യസിച്ചിട്ടുണ്ട്. അവർ സ്ത്രീകളെയും യുവാക്കളെയും പ്രതിപക്ഷ പ്രവർത്തകരെയും തല്ലിച്ചതയ്ക്കുകയാണ്. എന്തുകൊണ്ട് ജ്യാനേഷ് കുമാർ രാജി വെക്കുന്നില്ല? എന്നാൽ ഞങ്ങൾ വെറുതെ വിടില്ല. നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അഴിമതികളും ഞങ്ങളുടെ കൈയിലുണ്ട്. കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും"- രാഹുൽ ഗാന്ധി പറഞ്ഞു.
സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊണാട്ട് പ്ലേസിലേക്ക് എത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. അതിന് സാധിച്ചില്ലെങ്കിൽ മൂന്ന് മണിക്ക് ഹർജി നൽകുമ്പോൾ ഐക്യദാർഢ്യവുമായി അവിടെയെത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനയെയും രാജ്യത്തെയും ജനങ്ങളെയും താൻ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




