വിജിത്ത് കൊലപാതകം: 7 വർഷമായി ഒളിവില് കഴിഞ്ഞിരുന്ന പ്രതി പിടിയില്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മതിലകത്ത് വിജിത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസിൽ 7 വർഷമായി ഒളിവിലായിരുന്ന ഒഡീഷ സ്വദേശി ബിക്കാരി മാലിക്ക് ഒഡീഷയിൽ പിടിയിലായി. തൃശൂർ റൂറൽ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
തൃശൂർ: മതിലകം സ്റ്റേഷൻ പരിധിയിൽ ഏഴു വർഷം മുൻപ് നടന്ന കൊലപാതകക്കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ ഗഞ്ചാം ജില്ലയിലെ ജഹാഡ സ്വദേശി ബിക്കാരി മാലിക്ക് (36) ആണ് പിടിയിലായത്. പടിഞ്ഞാറേ വെമ്പല്ലൂർ ചന്ദന സ്വദേശി വിജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
2019ൽ നടന്ന കൊലപാതകത്തിനുശേഷം ഒഡീഷയിലേക്ക് കടന്ന പ്രതി, നീണ്ടകാലമായി വിവിധയിടങ്ങളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി കൊടുങ്ങല്ലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ കർശന നിർദേശപ്രകാരമാണ് അന്വേഷണം ഊർജിതമാക്കിയത്.
വിജിത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ആൾതാമസമില്ലാതെ കാടുപിടിച്ചുകിടന്ന പറമ്പിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്നത്തെ കേസിൽ ചില പ്രതികളെ 2019ൽ തന്നെ മതിലകം സർക്കിൾ ഇൻസ്പെക്ടർ വിമൽ വി.വി.യുടെ നേതൃത്വത്തിൽ ഒഡീഷയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഒളിവിലായിരുന്ന ബിക്കാരി മാലിക്കിനെ കണ്ടെത്താൻ മതിലകം സ്റ്റേഷൻ ഹൗസ് ഓഫീസർ നെസിയ എം.യുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രബിൻ, സിവിൽ പോലീസ് ഓഫീസർ ബിനിൽ എന്നിവരടങ്ങിയ സംഘം ഒഡീഷയിലെത്തി ദിവസങ്ങളോളം ക്യാമ്പ് ചെയ്തു. പ്രതിയുടെ താമസസ്ഥലം രഹസ്യമായി നിരീക്ഷിച്ചും മറ്റ് ശാസ്ത്രീയ അന്വേഷണ മാർഗ്ഗങ്ങൾ അവലംബിച്ചുമാണ് ഒടുവിൽ ഇയാളെ പിടികൂടിയത്.




