2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തി, പ്രതി ഒടുവിൽ പിടിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 04:09 PM
പങ്കുവെക്കുക:
വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തി, പ്രതി ഒടുവിൽ പിടിയിൽ
വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷണം നടത്തി, പ്രതി ഒടുവിൽ പിടിയിൽകേരളപ്രഭാതം

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച കാസർഗോഡ് സ്വദേശി ലിബേഷിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

തൃശൂർ: കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിൽ കാസർഗോഡ് സ്വദേശി അറസ്റ്റിൽ. ചന്തേര പിലിക്കോട് മൈലാച്ചുംകുളങ്ങര വീട്ടിൽ ലിബേഷിനെയാണ് (26) വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്.

മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ചു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് തൃശൂർ ഭാഗത്തേക്ക് എത്തിയ പ്രതി, വടക്കാഞ്ചേരി വാഴക്കോട് വെച്ച് മറ്റൊരു പൾസർ ബൈക്ക് കൂടി മോഷ്ടിക്കുകയായിരുന്നു. തുടർന്ന് താൻ കൊണ്ടുവന്ന ബൈക്ക് അവിടെ ഉപേക്ഷിച്ച് പുതിയ പൾസർ ബൈക്കെടുത്ത് കടന്നുകളയുകയായിരുന്നു.

ഇതിനുശേഷം ഒറ്റപ്പാലത്ത് എത്തിയ പ്രതി, വഴിയരികിൽ താക്കോൽ ഊരിമാറ്റാതെ കിടന്ന ഒരു ബുള്ളറ്റ് കണ്ടു. ഉടൻ തന്നെ പൾസർ ബൈക്ക് അവിടെ ഉപേക്ഷിച്ച് ബുള്ളറ്റുമായി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. തമിഴ്നാട്ടിൽ വാഹനം പൊളിച്ചുവിൽക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.

തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ പരിശോധിച്ച് കാസർഗോട്ടെത്തിയ വടക്കാഞ്ചേരി പൊലീസ് സംഘം പ്രതിയെ വീടിന്റെ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട്, ഷൊർണ്ണൂർ, ഒറ്റപ്പാലം, കാസർഗോഡ് എന്നിവിടങ്ങളിലും പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.

വടക്കാഞ്ചേരി എസ്.എച്ച്.ഒ അനൂപിന്റെ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ പ്രദീപ് പി.വി., സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിജോ ജേക്കബ്ബ്, സിവിൽ പൊലീസ് ഓഫീസർമാരായ സഗുൺ, നിശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)