ഓളപ്പരപ്പിലെ ഉത്സവത്തിന് നാടൊരുങ്ങി; ബേപ്പൂര് അന്താരാഷ്ട്ര വാട്ടര് ഫെസ്റ്റ് ഇന്നുമുതൽ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കോഴിക്കോട്: കടലിലും കരയിലും മാനത്തും വര്ണ വിസ്മയക്കാഴ്ചകള് തീര്ക്കുന്ന ബേപ്പൂര് അന്താരാഷ്ട്ര വാട്ടര് ഫെസ്റ്റിൻ്റെ അഞ്ചാം സീസണിന് ഇന്ന് തുടക്കമാകും. ഡിസംബര് 26, 27, 28 തീയതികളിലായി ജല സാഹസിക കായിക മത്സരങ്ങളും പ്രദര്ശനങ്ങളും ഉൾപ്പെടെയാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിൻ്റെ ഉദ്ഘാടനം പ്രധാന വേദിയായ ബേപ്പൂര് മറീനയില് വൈകീട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നാല് മണിക്ക് ബേപ്പൂര് കയര് ഫാക്ടറി ഭാഗത്തുനിന്ന് ഘോഷയാത്ര ആരംഭിക്കും. സമ്മേളനത്തില് മന്ത്രിമാര്, ജനപ്രതിനിധികള്, മറ്റ് വിശിഷ്ടാതിഥികള് തുടങ്ങിയവര് പങ്കെടുക്കും.
ബേപ്പൂര് മറീന , ഓഷ്യാനസ് ചാലിയം, നല്ലൂര്, രാമനാട്ടുകര ഗവണ്മെൻ്റ് എയുപി സ്കൂള്, ഫറോക്ക് വി പാര്ക്ക്, നല്ലളം വി പാര്ക്ക്, നല്ലളം അബ്ദുറഹ്മാന് പാര്ക്ക് എന്നീ വേദികളിലാണ് പരിപാടികള് അരങ്ങേറുക. ജല കായിക ഇനങ്ങള്, ഭക്ഷ്യമേള, അന്താരാഷ്ട്ര പട്ടം പറത്തല് മത്സരം, മറ്റ് കലാ, സാംസ്കാരിക, സംഗീത പരിപാടികള് തുടങ്ങി വൈവിധ്യമാര്ന്ന പരിപാടികള് അരങ്ങേറുന്ന ഫെസ്റ്റ് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേര്ന്നാണ് സംഘടിപ്പിക്കുന്നത്.




