കാത്തിരിപ്പ് വിഫലം; നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കൊച്ചി : രണ്ട് ദിവസം മുമ്പ് കൊച്ചി കായലിൽ ശക്തമായ ഒഴുക്കിൽപെട്ട് കാണാതായ ടാൻസാനിയൻ നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ആഫ്രിക്കൻ നേവി ഉദ്യോഗസ്ഥനായ അബ്ദുൾ ഇബ്രാഹിം ആണ് മരിച്ചത്.
കൊച്ചി നേവി ഓഫീസിന് സമീപത്തുള്ള സൗത്ത് ജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് കൊച്ചി ഹാർബർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷിബു പറഞ്ഞു. രാവിലെ 7 മണിയോടെയാണ് മൃതദേഹം കരക്ക് സമീപം കാണുന്നത്. പിന്നീട് ഇത് നേവി ഉദ്യോഗസ്ഥനെന്ന് തിരിച്ചറിഞ്ഞു എന്ന് അദേഹം പറഞ്ഞുകൊച്ചി നാവിക സേന ആശുപത്രിയായ ഐഎൻഎച്ച്എസ് സഞ്ജിവാനിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാട്ടിലെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ, മൃതദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. നിലവിൽ ഇന്ത്യൻ എംബസി ടാൻസാനിയൻ എംബസിയുമായി സംസാരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് നാവിക സേന ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി അവധി ആഘോഷിക്കാൻ ഒരു സുഹൃത്തുമായി കൊച്ചിയിലേക്ക് യാത്ര നടത്തിയതായിരുന്നു അബ്ദുൾ ഇബ്രാഹിം. വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടിയപ്പോളായിരുന്നു ഇദ്ദേഹം ഒഴുക്കിൽ പെടുന്നത്. തിങ്കളാഴ്ച അബ്ദുൾ ഇബ്രാഹിം സ്വന്തം നാട്ടിലേക്ക് പോകാൻ ഇരുന്നതാണെന്നും അധികാരികൾ പറഞ്ഞു.




