2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇന്ത്യയിൽ വാരണാസിക്കും മുംബൈക്കും ശേഷം ഇതാദ്യമെന്ന് തിരുവനന്തപുരം നഗരസഭ; അനാവശ്യ കേബിളുകള്‍ നീക്കം ചെയ്യും, ഉദ്ഘാടനം 12ന്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 02:42 PM
പങ്കുവെക്കുക:
ഇന്ത്യയിൽ വാരണാസിക്കും മുംബൈക്കും ശേഷം ഇതാദ്യമെന്ന് തിരുവനന്തപുരം നഗരസഭ; അനാവശ്യ കേബിളുകള്‍ നീക്കം ചെയ്യും, ഉദ്ഘാടനം 12ന്
ഇന്ത്യയിൽ വാരണാസിക്കും മുംബൈക്കും ശേഷം ഇതാദ്യമെന്ന് തിരുവനന്തപുരം നഗരസഭ; അനാവശ്യ കേബിളുകള്‍ നീക്കം ചെയ്യും, ഉദ്ഘാടനം 12ന്കേരളപ്രഭാതം

അനാവശ്യ കേബിളുകൾ നീക്കം ചെയ്യുന്ന തിരുവനന്തപുരം നഗരസഭയുടെ പദ്ധതി മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. വാരണാസിക്കും മുംബൈക്കും ശേഷം ഈ മാതൃക നടപ്പിലാക്കുന്ന രാജ്യത്തെ മൂന്നാമത്തെ നഗരമാണിത്.

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ അപകടകരമായും അശാസ്ത്രീയമായും വലിച്ചുകെട്ടിയിട്ടുള്ള ഓവർഹെഡ് കേബിളുകളും ഇന്റർനെറ്റ്-ടെലിഫോൺ വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ പദ്ധതി തയ്യാറാക്കി. ഇന്ത്യയിൽ വാരണാസി, മുംബൈ എന്നീ നഗരങ്ങളിൽ മാത്രം വിജയകരമായി നടപ്പിലാക്കിയ മാതൃകയാണിത്. തിങ്കളാഴ്ച (ഒക്ടോബർ 12) വൈകീട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി.വി. രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്യും.

തുരുമ്പിച്ചതും പൊട്ടിപ്പൊളിഞ്ഞതുമായ കേബിളുകൾ മുമ്പ് പലപ്പോഴും വൻ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമായിരുന്നു. ഇത്തരം കേബിളുകൾ മാറ്റണമെന്ന് നേരത്തെ നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നഗരസഭ നേരിട്ട് നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇതിന് വരുന്ന ചെലവും നഷ്ടപരിഹാരവും ബന്ധപ്പെട്ട സർവീസ് പ്രൊവൈഡർമാരിൽ നിന്ന് ഈടാക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ടാഗ് ചെയ്യാത്ത കേബിളുകൾ മുറിച്ചുമാറ്റുകയും ബാക്കിയുള്ളവ മെഷീൻ ഉപയോഗിച്ച് ഒരുമിച്ച് ക്ലിപ്പ് ചെയ്യുകയുമാണ് ചെയ്യുന്നത്. 'ഡിവൈൻ നെറ്റ്‌വർക്കി'നാണ് നിർമാണ കരാർ. ഘട്ടങ്ങളായി നഗരസഭയിലെ 101 വാർഡുകളിലും പദ്ധതി നടപ്പിലാക്കും.

ആദ്യഘട്ടത്തിൽ നഗരസഭാ മെയിൻ ഓഫീസ് ഉൾപ്പെടുന്ന പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ അഞ്ച് വാർഡുകളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൗൺസിലർമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സർവീസ് പ്രൊവൈഡർമാരും പങ്കെടുത്ത യോഗത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.

ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അധ്യക്ഷത വഹിക്കും. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ സ്വാഗതം പറയും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കരമന അജിത്, വി. സത്യവതി, എം.ആർ. ഗോപൻ, മഞ്ജു ജി.എസ്, ചെമ്പഴന്തി ഉദയൻ, സിന്ധു ശശി, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പാപ്പനംകോട് സജി, എൽ.ഡി.എഫ് ലീഡർ എസ്.പി. ദീപക്, യു.ഡി.എഫ് ലീഡർ കെ.എസ്. ശബരിനാഥൻ, പാളയം കൗൺസിലർ ഷേർളി, കോർപറേഷൻ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)