പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും സുതാര്യതയും അനിവാര്യം: നിയമസഭാ സ്പീക്കർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സ്റ്റുഡന്റ്സ് ലീഡേഴ്സ് കോൺക്ലേവിൽ, പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും സുതാര്യതയുമാണ് പുതിയ തലമുറയ്ക്ക് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ലോകത്ത് മാത്രം ഒതുങ്ങാതെ യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ സ്വന്തമായി കണ്ട് പ്രവർത്തിക്കാൻ വിദ്യാർഥി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: സുതാര്യവും കാപട്യമില്ലാത്തതുമായ നേരായ രാഷ്ട്രീയമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറ കാഴ്ചവെക്കേണ്ടതെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സത്യസന്ധതയും സുതാര്യമായ സമീപനവുമാണ് പൊതുപ്രവർത്തനത്തിൽ അനിവാര്യം. മനുഷ്യസഹജമായ വീഴ്ചകൾ സംഭവിച്ചാൽപോലും സുതാര്യമായ നിലപാടുണ്ടെങ്കിൽ ജനങ്ങൾ അത് അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദ്വിദിന സ്റ്റുഡന്റ്സ് ലീഡേഴ്സ് കോൺക്ലേവിന്റെ സമാപന സമ്മേളനം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്മ വിതച്ച് നന്മ വിളവെടുക്കുന്ന സമീപനമാണ് വേണ്ടത്. സോഷ്യൽ മീഡിയ റീലുകളിലൂടെയുള്ള സാങ്കല്പിക ലോകത്ത് മാത്രം ഒതുങ്ങാതെ, യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ച് പൊരുതിനിൽക്കാൻ വിദ്യാർഥികൾ തയ്യാറാകണം. തടസ്സങ്ങൾ കണ്ട് തളർന്നു പിന്മാറാതെ നന്മയ്ക്ക് വേണ്ടി അടിയുറച്ച നിലപാടെടുത്താൽ ജനങ്ങളുടെ പിന്തുണ ഉറപ്പായും ലഭിക്കും. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച സത്യസന്ധതയും നിസ്വാർഥതയും പിന്തുടരാൻ പുതിയ തലമുറ തയ്യാറാകണമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
ജനാധിപത്യത്തിന്റെ അടിത്തറയായ പ്രായപൂർത്തി വോട്ടവകാശം സംരക്ഷിക്കപ്പെടണം. സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് രാജ്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളുടെ നിസ്വാർഥ മനോഭാവം ഉൾക്കൊള്ളണം. ശബ്ദകോലാഹലങ്ങളോ ബഹളങ്ങളോ അല്ല, മറിച്ച് വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവും കാര്യവിവരവുമാണ് പ്രധാനം. വ്യാജമായ പ്രകടനങ്ങൾ ജനങ്ങൾ വേഗത്തിൽ തിരിച്ചറിയും. ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച്, അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി കണ്ട് മുന്നോട്ടുപോകാൻ വിദ്യാർഥി നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ ആലപ്പാട്ട്, മുൻ ഡയറക്ടർ ജനറൽ ബിവീഷ് യു.സി, രജിസ്ട്രാർ സുദർശൻ എ.കെ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളാണ് പങ്കെടുത്തത്. ജനാധിപത്യം, പാർലമെന്ററി സംവിധാനം, സാമൂഹികനീതി, പൗരബോധം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച വിവിധ സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.




