'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തൃശൂർ കുന്നംകുളത്ത് മദ്യപാനിയായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് തോർത്തുകൊണ്ട് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തി. ഹൃദയാഘാതമാണെന്ന ഭാര്യയുടെ കള്ളമൊഴി പോസ്റ്റ്മോർട്ടത്തിൽ പൊളിയുകയായിരുന്നു.
തൃശൂർ: കുന്നംകുളത്ത് അതിഥി തൊഴിലാളിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാൻ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യയും കാമുകനും കസ്റ്റഡിയിലായി. മദ്യപാനത്തെ തുടർന്നുണ്ടായ കുടുംബവഴക്കിനൊടുവിൽ ഇരുവരും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം രാവിലെ 7:30-ഓടെയാണ് മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തുള്ള വാടക ക്വാർട്ടേഴ്സിൽ മുഹമ്മദ് മുംതാബ് മിയാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്. 'അറ്റാക്ക് വന്നതാ സാറേ' എന്നായിരുന്നു ഭാര്യ റോഷൻ കാത്തൂന്റെ ആദ്യ മൊഴി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനെ അറിയിച്ചിരുന്നത്.
എന്നാൽ, മൃതദേഹം പരിശോധിച്ച പൊലീസിന് മുഹമ്മദിന്റെ കഴുത്തിൽ ചില സംശയാസ്പദമായ അടയാളങ്ങൾ ശ്രദ്ധയിൽപെട്ടു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് മുൻപ് തന്നെ പൊലീസ് ഈ സംശയങ്ങൾ സർജനുമായി പങ്കുവെച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ തോർത്തുകൊണ്ട് വലിച്ച് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. മുഹമ്മദിന്റെ കഴുത്തു ഞെരിച്ചിട്ടുണ്ടെന്നും മുഖവും വായയും പൊത്തിപ്പിടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിഹാറിൽ നിന്ന് എട്ടു വർഷം മുമ്പാണ് കെട്ടിടനിർമ്മാണ തൊഴിലാളിയായ മുഹമ്മദും കുടുംബവും ജോലി തേടി തൃശൂരിലെത്തിയത്. മദ്യപാനം പതിവായിരുന്ന മുഹമ്മദ് മുംതാബ് വീട്ടിൽ നിരന്തരം വഴക്കിട്ടിരുന്നു. ഇതിനിടയിലാണ് ഭാര്യ റോഷൻ കാത്തൂൺ, ബിഹാർ സ്വദേശിയായ ഹസന്നാൻ (38) എന്നയാളുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു.
വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിക്കുകയും ഭാര്യയേയും കാത്തൂന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുന്നംകുളം എ.സി.പി ഷാജു കെ. എബ്രഹാം, സി.ഐ അനിൽകുമാർ ടി. മേപ്പുള്ളി, എസ്.ഐ രോഹിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.




