കുന്നംകുളത്ത് 41കാരന്റെ മരണം കൊലപാതകമെന്ന് സംശയം; ഭാര്യയും സുഹൃത്തും കസ്റ്റഡിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കുന്നംകുളത്ത് 41കാരനായ മുഹമ്മദ് മുംതാബിന്റെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തൃശൂർ: കുന്നംകുളത്ത് 41കാരനായ മുഹമ്മദ് മുംതാബിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഹൃദയാഘാതം മൂപ്പാണ് മരണം സംഭവിച്ചതെന്നായിരുന്നു ഭാര്യയുടെ പ്രഥമ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വഴിമാറിയത്.
മുഹമ്മദിന്റെ കഴുത്ത് ഞെരിക്കുകയും, മുഖവും വായയും പൊത്തിപ്പിടിച്ച് ശ്വാസം തടസ്സപ്പെടുത്തുകയും ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസ് ഭാര്യ റോഷൻ കാത്തൂൺ, ബിഹാർ സ്വദേശിയായ ഹസന്നാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. നിലവിൽ ഇരുവരെയും കസ്റ്റഡിയിൽ വെച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കെട്ടിടനിർമാണ തൊഴിലാളിയായ മുഹമ്മദ് മുംതാബും കുടുംബവും എട്ട് വർഷം മുൻപാണ് ജോലി തേടി ബിഹാറിൽ നിന്നും തൃശൂരിൽ എത്തിയത്. മുഹമ്മദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനിടയിലാണ് ഭാര്യ റോഷൻ കാത്തൂൺ ബിഹാർ സ്വദേശിയായ 38കാരൻ ഹസന്നാനുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പിലാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുന്നംകുളം എ.സി.പി ഷാജു കെ. എബ്രഹാം, സി.ഐ അനിൽകുമാർ ടി. മേപ്പുള്ളി, എസ്.ഐ രോഹിത് എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി.




