പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: രാജീവ് ചന്ദ്രശേഖർ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

"എസ്.ഐ.ടി അന്വേഷണം ആരംഭിച്ചപ്പോൾ രാഷ്ട്രീയ പകപോക്കലിനില്ലെന്നും നിയമപരമായ നടപടികൾ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിന് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടും സർക്കാർ നടപടികൾ മനപ്പൂർവ്വം വൈകിപ്പിച്ചു." — രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എഫ്.ഐ.ആർ നടപടികൾ വൈകിപ്പിച്ച് അദ്ദേഹത്തെ സംരക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് കടുത്ത രാഷ്ട്രീയ ഒത്തുകളിയുടെയും ഇരട്ടത്താപ്പിന്റെയും വ്യക്തമായ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരും കോൺഗ്രസും സ്വീകരിക്കുന്ന നടപടികൾ വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം പ്രതിപക്ഷ നിരയിലെ ചില പ്രമുഖരിലേക്കും നീളുമെന്ന ഭയമാണ് കോൺഗ്രസിനെ ഇത്തരം ഒത്തുകളി രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
കോടതി ഉത്തരവുണ്ടായി നാലുദിവസത്തിനു ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, നടപടി പൂർത്തിയായി അരമണിക്കൂറിനകം തന്നെ പിണറായി വിജയൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയും ചെയ്തു. ഈ നാലുദിവസം പിണറായി വിജയന് കോടതിയെ സമീപിക്കാൻ അവസരമൊരുക്കാനായിരുന്നോ കോൺഗ്രസ് ഇടപെടലുകൾ വൈകിപ്പിച്ചതെന്ന ഗുരുതരമായ ചോദ്യമാണ് ഇതോടെ ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെതിരെ എസ്.ഐ.ടി രൂപീകരിച്ച് 17 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് പരമാവധി 14 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിൽ എസ്.ഐ.ടി എന്ത് അന്വേഷണം നടത്തിയെന്ന കാര്യത്തിലുള്ള അവ്യക്തതയും ഒത്തുകളിയെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ തെളിവുകൾ ഹവാല ഇടപാടുകളിലേക്കും പ്രതിപക്ഷ നിരയിലെ പ്രമുഖരിലേക്കും അന്വേഷണം നീളാനുള്ള സാധ്യതയിലേക്കും വിരൽചൂണ്ടുന്നതാണ്. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പിണറായി വിജയനെതിരായ നിയമനടപടികൾ ബോധപൂർവ്വം വൈകിപ്പിക്കുന്ന കോൺഗ്രസിന്റെ ഇരട്ടമുഖം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും, ദേശീയ തലത്തിലെന്നപോലെ കേരളത്തിലും ഇരുപാർട്ടികളും ഒന്നായിക്കഴിഞ്ഞിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.




