ഭാര്യവീടിനടുത്ത് ലഹരിവിൽപ്പനയ്ക്ക് ശ്രമം, ക്രിമിനൽ കേസുകളിൽ പ്രതി എംഡിഎംഎയുമായി പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം കീഴായിക്കോണത്ത് ഭാര്യവീടിന് സമീപം ലഹരിവിൽപ്പനയ്ക്ക് ശ്രമിച്ച തൃശൂർ സ്വദേശി ജോയൽ തോമസ് (28) 1.27 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഡാൻസാഫ് ടീം പിടികൂടി വെഞ്ഞാറമൂട് പൊലീസിന് കൈമാറുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം: ഭാര്യവീടിന് സമീപം ലഹരിവസ്തുക്കൾ വിൽക്കാൻ ശ്രമിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതി എംഡിഎംഎയുമായി പിടിയിൽ. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ജോയൽ തോമസ് (28) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. ഇയാളിൽ നിന്ന് 1.27 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കീഴായിക്കോണത്തുള്ള ഭാര്യവീടിന് സമീപത്തുനിന്നാണ് ഡാൻസാഫ് ടീം ഇയാളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർനടപടികൾക്കായി പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി.
വെഞ്ഞാറമൂട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായത്. തൃശൂർ ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ രാസലഹരിയുമായി ബന്ധപ്പെട്ട കേസുകളും, മറ്റ് വിവിധ സ്റ്റേഷനുകളിലായി അക്രമ സംഭവങ്ങൾ ഉൾപ്പെടെ നാലോളം കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




